അമേരിക്കൻ ബുള്ളി എക്‌സ്‌എൽ ഇനത്തിലുള്ള നായ്ക്കളെ രാജ്യത്ത് നിരോധിക്കാനൊരുങ്ങി യുകെ ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തതായി യു കെ പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. രാജ്യത്ത് ആക്രമണങ്ങൾ വർധിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
കഴിഞ്ഞ വ്യാഴാഴ്ച സ്റ്റോണലില്‍ വച്ച് അമേരിക്കന്‍ എക്സ്എല്‍ ബുള്ളി വിഭാഗത്തില്‍പ്പെടുന്ന രണ്ട് നായ്ക്കള്‍ ഒരു യുവാവിനെ ആക്രമിച്ചിരുന്നു. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. പിന്നാലെ നായ്ക്കളെ നിയന്ത്രണമില്ലാതെ തുറന്നുവിട്ടതിന് മുപ്പതുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.
ഒരാഴ്ചയ്ക്കിടെ യുകെയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ബിര്‍മിങ്ഹാമില്‍ ഇതേ വിഭാഗത്തില്‍പ്പെട്ട നായയുടെ ആക്രമണത്തില്‍ 11 വയസുകാരിക്ക് ഗുരുതരമായി നേരത്തെ പരുക്കേറ്റിരുന്നു. അമേരിക്കന്‍ എക്സഎല്‍ ബുള്ള വിഭാഗത്തില്‍പ്പെടുന്ന നായ്ക്കളുടെ ആക്രമണം തുടർച്ചയായി റിപ്പോര്‍ട്ട് ചെയ്തതോടെ ഇവയെ നിരോധിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
ഇതേ തുടർന്നാണ് ഈ ഇനത്തിൽപെട്ട നായ്ക്കളെ രാജ്യത്ത് നിരോധിച്ചത്.
”മോശം രീതിയില്‍ പരിശീലിപ്പിച്ചതുകൊണ്ടല്ല നായ്ക്കള്‍ ഇങ്ങനെ പെരുമാറുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന നായ്ക്കളുടെ സ്വഭാവം അങ്ങനെയാണ്. നിലവില്‍ ഇത്തരം നായ്ക്കളെ വളര്‍ത്തുന്നവര്‍ ജാഗ്രത പാലിക്കണം. ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും”- ഋഷി സുനക് പറഞ്ഞു. പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ ഇനത്തിൽപെട്ട നായ്ക്കളെ അക്രമകാരികളായ നായ്ക്കളായി പ്രഖ്യാപിക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവരുമെന്നും ഋഷി സുനക് കൂട്ടിച്ചേർത്തു.