പശ്ചാത്യ രാജ്യങ്ങൾ ആശങ്കയോടെ ഉറ്റുനോക്കിയ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ റഷ്യ സന്ദര്‍ശനം പൂർത്തിയായി. പ്രത്യേക ട്രെയിനില്‍ റഷ്യ സന്ദര്‍ശിച്ച കിം ജോങിന് ഉത്തരകൊറിയയിലേക്ക് മടങ്ങുമ്പോള്‍ പുടിന്റെ വകയായി ചില സമ്മാനങ്ങളും ലഭിച്ചു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഡ്രോണുകളും അടങ്ങുന്ന സമ്മാനങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. യുക്രൈനെതിരായ ആക്രമണത്തില്‍ സഹായിക്കാന്‍ റഷ്യക്ക് ഉത്തരകൊറിയ ആയുധങ്ങള്‍ നല്‍കുമെന്ന അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമായി.
കിം ജോങ് വളരെ അപൂര്‍വമായേ വിദേശയാത്രകള്‍ നടത്തുന്നുള്ളൂ.റഷ്യയില്‍ അദ്ദേഹത്തിന് വന്‍ വരവേല്‍പ്പാണ് നല്‍കിയത്.തന്റെ മിക്ക പര്യടനങ്ങളിലും കിം ജോങ് സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.ഉത്തരകൊറിയ കടുത്ത ഉപരോധത്തിന് വിധേയമായ രാജ്യമായതിനാല്‍ അവര്‍ക്ക് ഊര്‍ജം, ഭക്ഷണം അടക്കമുള്ളവ തൊട്ട് സൈനിക സാങ്കേതിക വിദ്യ വരെ ആവശ്യമാണ്.റഷ്യന്‍ സന്ദര്‍ശനത്തിനിടെ കിം ജോങ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ ആശങ്കകള്‍ ഉയരുന്നത്.