Monday, April 21, 2025

ജിഹാദിയായ സഹതടവുകാരന്റെ ആക്രമണത്തെ തുടര്‍ന്ന് കോര്‍സിക്കന്‍ ദേശീയവാദി യുവാന്‍ കൊളോണ ജയിലില്‍ മരിച്ചു

ജിഹാദിയായ സഹതടവുകാരന്റെ ആക്രമണത്തെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന കോര്‍സിക്കന്‍ ദേശീയവാദി മരിച്ചു. ഒരു പ്രാദേശിക ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ് അനുഭവിക്കുന്ന 61 കാരനായ യുവാന്‍ കൊളോനയെ മാര്‍ച്ച് 2 ന് മറ്റൊരു തടവുകാരനായ കാമറൂണിയന്‍ ജിഹാദി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് കോമയിലായ കോളോന തെക്കന്‍ ഫ്രാന്‍സിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തീവ്രവാദ കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുന്‍ ജിഹാദിയായ ഫ്രാങ്ക് എലോംഗ് അബെ (35)യാണ് കൊളോനയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. കൊളോന, പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും കേട്ടാണ് അബെ കൊളോനയെ ഒരു ബിന്‍ ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

പ്രസ്തുത ആക്രമണവും കൊലപാതകവും കോര്‍സിക്കയില്‍ കലാപത്തിന് കാരണമായി. ഫ്രാന്‍സില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള പ്രചാരണത്തിലെ നായകനായാണ് അവിടെ പലരും കൊളോനയെ കാണുന്നത്. കോര്‍സിക്കയുടെ ഉന്നത ഉദ്യോഗസ്ഥനെ വെടിവെച്ച് കൊന്നതിന് രണ്ട് പതിറ്റാണ്ട് മുമ്പ്, 1998-ല്‍ കൊളോണ ജയിലില്‍ അടയ്ക്കപ്പെട്ടതാണ്.

ആക്രമണവും കൊലപാതകവും അത് തടയുന്നതില്‍ ജയില്‍ അധികാരികളുടെ പരാജയവുമാണ് ദ്വീപില്‍ ജനരോഷം ആളിക്കത്തിച്ചത്. പതിറ്റാണ്ടുകളിലെ ഏറ്റവും വലുതും അക്രമാസക്തവുമായ പ്രതിഷേധമാണ് അരങ്ങേറിയത്. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലേക്ക് ഒഴുകിയെത്തി. ചിലര്‍ പോലീസിന് നേരെ കല്ലും പെട്രോള്‍ ബോംബും എറിഞ്ഞു. കോര്‍സിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ബാസ്റ്റിയയില്‍ നടന്ന കലാപത്തില്‍ ഒറ്റ രാത്രിയില്‍ 67 പേര്‍ക്ക് പരിക്കേറ്റു. അവരില്‍ 44 പേര്‍ പോലീസുകാരാണ്.

കോര്‍സിക്ക ദ്വീപ് നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ ജന്മസ്ഥലമെന്ന നിലയില്‍ പ്രശസ്തമാണ്. 18-ാം നൂറ്റാണ്ട് മുതല്‍ ഇവിടം ഫ്രഞ്ച് അധീനതയിലാണ്. എന്നാല്‍ സമീപകാലത്ത് വിഘടനവാദ അക്രമങ്ങളാലാണ് ഇവിടം വാര്‍ത്തകളില്‍ നിറയുന്നത്. പുതിയ സംഭവവികാസങ്ങള്‍ കൂടിയാകുമ്പോള്‍ ഫ്രഞ്ച് ഗവണ്‍മെന്റ് ഈ ദ്വീപില്‍ നിന്നുള്ള പിടി അയയ്ക്കാനാണ് സാധ്യത.

Latest News