Thursday, November 28, 2024

വന്യജീവി വാരാഘോഷ പ്രതിജ്ഞ ബഹിഷ്കരിക്കും: കത്തോലിക്കാ കോൺഗ്രസ്.

കൊച്ചി: കേരളത്തിൽ ഒക്ടോബർ 2 മുതൽ നടത്തപ്പെടുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും ചൊല്ലുവാൻ സർക്കാർ നൽകിയിരിക്കുന്ന പ്രതിജ്ഞയിൽ വന്യജീവി നിലനിൽപ്പാണ്,അഭിമാനമാണ് എന്ന പ്രതിജ്ഞാവാചകം ജനദ്രോഹവും വന്യജീവി ആക്രമണത്തിൽ ദുരിതമനുഭവിക്കുന്നവരോടും കൊല്ലപ്പെട്ടവരോടുമുള്ള വെല്ലുവിളിയാണെന്നും അതിനാൽ പ്രതിജ്ഞ ബഹിഷ്കരിക്കുമെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി.

മനുഷ്യജീവന്റെ നിലനിൽപ്പിന് ഭീഷണിയായ വന്യജീവികളെ വനത്തിനകത്ത് നിർത്തേണ്ട ഉത്തരവാദിത്തം വനംവകുപ്പിനായിരിക്കെ
അതിനുള്ള ശ്രമങ്ങൾ നടത്താത്തത് കേരളത്തിന്റെ മലയോരമേഖലയിൽ ജീവഹാനിയും കൃഷിനാശവും നിരന്തരം സംഭവിക്കുന്നതിന് കാരണമാകുന്നു.
ഇതിൽ മലയോര ജനതയുടെ പ്രതിഷേധത്തെ
അവഗണിക്കുന്ന തരത്തിൽ
ചില തൽപ്പരകക്ഷികളുടെ താല്പര്യം സംരക്ഷിക്കുവാനാണ് ഇപ്പോൾ ഇത്തരം പ്രചരണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.നാട്ടിൽ ഇറങ്ങുന്ന വന്യജീവികൾ മൂലമുണ്ടാകുന്ന ജീവനാശവും കൃഷിനാശവും
കടുത്ത മനുഷ്യാവകാശ ലംഘനമായി കണ്ട്
ഉത്തരവാദികളായ വനംവകുപ്പിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നത് പ്രതിജ്ഞയിൽ ഉൾപ്പെടുത്തണം.

കേരളത്തിൽ വന്യജീവികളുടെ എണ്ണം
ക്രമാതീതമായി വർദ്ധിക്കുന്നുവെന്ന് വനംവകുപ്പ് തന്നെ കണക്കുകളിലൂടെ പറയുന്നു.മലയോരത്ത് ജീവിക്കുന്നവർ വന്യജീവികൾക്കും വനത്തിനും എതിരാണെന്ന പൊതുബോധം രൂപീകരിക്കുകയും,
നഗരമലിനീകരണവും വയൽ നികത്തലും കായൽ കയ്യേറ്റവും തമസ്കരിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടും കൂടിയാണ് ഇപ്പോൾ
ഇത്തരം പ്രചരണങ്ങളുമായി കടന്നുവന്നിരിക്കുന്നത്.

38863 ചതു.കിലോ മീറ്റർ മാത്രമുള്ള കേരളത്തിന്റെ 21853 ചതു. കിലോ മീറ്റർ പ്രദേശവും പശ്ചിമ ഘട്ടത്തിൽ ഉൾപ്പെടുന്നതും അതിൽ 11525 ചതു കിലോമീറ്ററും വനം വകുപ്പിന്റെ കീഴിൽ വരുന്നതുമാണ്. സംസ്ഥാന വിസ്തീർണ്ണത്തിന്റെ 30 ശതമാനം വനം വകുപ്പിന്റെ കയ്യിലാണ്. കൂടാതെ
കേന്ദ്രസർക്കാർ കണക്കനുസരിച്ച്
കേരളത്തിൽ 54% പ്രദേശവും വന സമാനമായ വൃക്ഷ നിബിഡതയുള്ളതാണ്.ദേശീയ ശരാശരി 24.6 ശതമാനം മാത്രമാണ്.ദേശീയ തലത്തിൽ ഉണ്ടാക്കുവാൻ ഉദ്ദേശിക്കുന്നത് 33 ശതമാനം മാത്രമാണ്. ദേശീയ ശരാശരിയേക്കാൾ 21% അധിക വന സമാനത ഇപ്പോൾ തന്നെ കേരളത്തിലുണ്ട് എന്ന വസ്തുത മറച്ചുവെക്കുന്നുവെന്നത് അംഗീകരിക്കാനാവില്ല.മനുഷ്യരെ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളെ ഉന്മൂലനം ചെയ്യുന്നതിന് വിവിധ സംസ്ഥാനങ്ങളിൽ നിയമമുണ്ടെന്നിരിക്കെ കേരള സർക്കാർ
സ്കൂൾ വിദ്യാർത്ഥികളിലും യുവാക്കളിലും ജനദ്രോഹകരമായ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും ജനദ്രോഹപ്രതിജ്ഞ പിൻവലിക്കണമെന്നും കത്തോലിക്ക കോൺഗ്രസ്‌ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Latest News