യുഎഇയുമായി പതിറ്റാണ്ടുകളായി തർക്കം തുടരുന്ന മേഖലയിൽ ജനസംഖ്യ വർദ്ധിപ്പിക്കാൻ പ്രത്യേക പദ്ധതികളുമായി ഇറാന്‍. ഹോർമുസ് കടലിടുക്കിലെ ദ്വീപുകളായ അബു മൂസ, ഗ്രേറ്റർ ടൺബ്, ലെസ്സർ ടൺബ് എന്നിവിടങ്ങളിലാണ് വന്‍തോതില്‍ ആളുകളെ അധിവസിപ്പിക്കാൻ ഇറാൻ നീക്കം നടത്തുന്നത്. ചുരുങ്ങിയ കാലയളവില്‍ ദ്വീപില്‍ വലിയ തോതില്‍ വീടുകള്‍ നിർമ്മിച്ച് തങ്ങളുടെ പൗരന്മാരെ അധിവസിപ്പിക്കുകയാണ് ഇറാന്റെ ലക്ഷ്യം.
വർഷങ്ങളായി യുഎഇയുമായി തർക്കം തുടരുന്ന ദ്വീപ് മേഖലകൾ ഏകപക്ഷീയമായി സ്വന്തമാക്കാനാണ് ഇറാന്റെ നീക്കം. ഇതിന്റെ ഭാഗമായി തർക്കമുള്ള മൂന്ന് ദ്വീപുകളിൽ ഏറ്റവും വലുതായ അബു മൂസയിൽ ഏകദേശം 520,000 റെസിഡൻഷ്യൽ പ്ലോട്ടുകൾ തരംതിരിക്കുകയും അർഹരായ അപേക്ഷകർക്ക് അനുവദിക്കുകയും ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ദ്വീപിലെ ജനസംഖ്യ 1.7 ദശലക്ഷം എന്ന നിലയിലേക്ക് എത്തിക്കുകയാണ് ഇറാന്‍ അധികൃതരുടെ പ്രധാന ലക്ഷ്യം. 300 ചതുരശ്ര മീറ്റർ (3,230 ചതുരശ്ര അടി) വിസ്തീർണ്ണമുള്ള സൗജന്യ പ്ലോട്ടുകൾ ഇവിടേക്ക് മാറാൻ ആലോചിക്കുന്ന ഇറാനികൾക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് മേഖലയിലെ ജനസംഖ്യ വർധിപ്പിക്കുന്നത്.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ബാധകമായ വ്യവസ്ഥയിൽ നിന്നും ഇറാനിയൻ സർക്കാർ ദ്വീപുകളെ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷകർ 1979 ലെ വിപ്ലവത്തിന് ശേഷം സർക്കാർ ഭവന സൗകര്യങ്ങളൊന്നും ഉപയോഗിച്ചിരിക്കരുത്. കൂടാതെ അവരുടെ പേരിൽ മറ്റൊരു വീട് ഉണ്ടായിരിക്കരുത് എന്ന് തുടങ്ങിയ നിയമങ്ങള്‍ തർക്കമേഖലയിലേക്ക് താമസം മാറാന്‍ ഉദ്ധേശിക്കുന്നവർക്ക് ബാധകമായിരിക്കില്ല.