ജപ്പാനില്‍ വയോജനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. രാജ്യത്ത് പത്തിൽ ഒരാൾക്ക് ഇപ്പോൾ 80 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണെന്നും 2040 ആകുമ്പോഴേക്കും ജനസംഖ്യയുടെ 34.8ശതമാനം 65 വയസ്സിന് മുകളിലുള്ളവരായിരിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഭ്യന്തര, ആശയവിനിമയ മന്ത്രാലയമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. 125 ദശലക്ഷം ജനസംഖ്യയുളള രാജ്യത്ത് 29.1ശതമാനം പേരും 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണെന്നാണ് മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക ഡാറ്റ വെളിപ്പെടുത്തുന്നു. മുൻവർഷത്തേക്കാള്‍ 270,000 ആളുകളുടെ വര്‍ധനവാണ് രാജ്യത്ത് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ഡാറ്റ കാണിക്കുന്നു.ഈ അനുപാതത്തില്‍ രണ്ടാം സ്ഥാനം ഇറ്റലിക്കും (24.5ശതമാനം) മൂന്നാം സ്ഥാനം ഫിന്‍ലന്റിനുമാണ് (23.6ശതമാനം).
രാജ്യത്തെ തൊഴില്‍ നിരക്കിലും വയോജനങ്ങളുടെ എണ്ണത്തില്‍ വര്‍നയുണ്ടാകുന്നുണ്ട്. 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള തൊഴിലാളികൾ ദേശീയ തൊഴിൽ ശക്തിയുടെ 13 ശതമാനത്തിലധികം വരും. എന്നാൽ ഇതിലൂടെ ജപ്പാന്‍ സാമൂഹ്യ സുരക്ഷാ മേഖലയില്‍ ചെലവഴിക്കുന്ന തുകയ്ക്ക് കുറവ് വന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വർദ്ധിച്ചുവരുന്ന സാമൂഹ്യ സുരക്ഷാ ചെലവുകൾ കാരണം, അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള റെക്കോർഡ് ബജറ്റിന് ജപ്പാൻ അംഗീകാരം നൽകി.