Sunday, November 24, 2024

വിഴിഞ്ഞം തുറമുഖത്തിന്‍റെ പേരും ലോഗോയും പ്രകാശനം ചെയ്തു

അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര കണ്ടെയ്‌നര്‍ തുറമുഖത്തിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലെ ഹാര്‍മണി ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ലോഗോയും പ്രകാശനം ചെയ്തത്. വിഴിഞ്ഞം ഇൻ്റർനഷണൽ സീ പോർട്ട് തിരുവനന്തപുരം എന്നാണ് തുറമുഖത്തിന് നല്‍കിയിരിക്കുന്ന പേര്.

“വിഴിഞ്ഞം കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്. ഇത് യാഥാർഥ്യമാകുന്നതോടെ അന്താരാഷ്‌ട്ര മറൈൻ ട്രാൻസ്ഷിപ്മെൻ്റ് രംഗത്ത് അനന്ത സാധ്യതകൾ നാടിന് തുറന്ന് കിട്ടും. പുതിയ പേരും ലോഗോയും തുറമുഖത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് പുതിയ ഗതിവേഗം നല്‍കും.” മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ചതുപോലെ ഒക്ടോബർ ആദ്യ വാരത്തോടെ ചരക്ക് കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തും. ഇത് എല്ലാ മലയാളികൾക്കും സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു.

അതേസമയം, ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ടായ വിഴിഞ്ഞിന്റെ ബ്രേക്ക് വാട്ടറുകളുടെ നിര്‍മാണം ഏതാണ്ട് 60 ശതമാനത്തിലധികം പൂര്‍ത്തിയായി. ആദ്യഘട്ടത്തിലെ 400 മീറ്റര്‍ നിളം വരുന്ന ബര്‍ത്തിന്റെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. തുറമുഖവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് വരും മാസങ്ങളില്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് വിവരം.

Latest News