പടിഞ്ഞാറൻ യുക്രൈനിയൻ നഗരമായ ലിവിവിലുണ്ടായ റഷ്യയുടെ ഒരു ഡ്രോണ്‍ ആക്രമണത്തില്‍ 300 ടൺ മാനുഷിക സഹായങ്ങൾ സംഭരിച്ചിരുന്ന വെയർഹൗസ് തകർന്നു. ചൊവ്വാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ കത്തോലിക്കാ സഹായ ഏജൻസിയായ കാരിത്താസ്-സ്പെസ് ഉപയോഗിച്ചിരുന്ന വെയർഹൗസ് ആണ് തകർന്നത്. യുക്രൈനിലെ സാധാരക്കാർക്കു നൽകുവാൻ വത്തിക്കാൻ സംഭാവന ചെയ്ത സഹായങ്ങളും ഈ സംഭരണ കേന്ദ്രത്തിൽ ഉണ്ടായിരുന്നു.
ഏകദേശം 81,000 ചതുരശ്ര അടി വിസ്തീർണമുള്ള വെയർഹൗസ് ആണ് തകർന്നത്. പോളണ്ടിലെയും യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലെയും കുടുംബങ്ങൾ സംഭാവന ചെയ്ത വസ്തുക്കൾ അവിടെ സംഭരിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. വ്യാസെസ്ലാവ് ഗ്രിനെവിച്ച് വെളിപ്പെടുത്തി. ഡിനിപ്രോ, ഖാർകിവ്, കെർസൺ തുടങ്ങിയ നഗരങ്ങളിലേയ്ക്ക് കൈമാറുന്നതിനുള്ള സാധനങ്ങൾ ആയിരുന്നു തകർന്ന വെയർഹൗസിൽ ഉണ്ടായിരുന്നത്.
പ്രാദേശിക സമയം പുലർച്ചെ അഞ്ച് മണിയോടെയാണ് ആക്രമണം നടന്നതിനാൽ ആളപായം ഒന്നും ഉണ്ടായില്ല എന്ന് ഫാ. വ്യാസെസ്ലാവ് ഗ്രിനെവിച്ച് വ്യക്തമാക്കി. വരുന്ന തണുത്ത മാസങ്ങളിൽ വളരെ ആവശ്യമായി വന്നേക്കാവുന്ന, സംരക്ഷിത ഭക്ഷണം, വസ്ത്രങ്ങൾ, ശുചിത്വ കിറ്റുകൾ, ജനറേറ്ററുകൾ തുടങ്ങിയവയും നശിച്ച വസ്തുക്കളിൽ ഉൾപ്പെടുന്നു. ഡ്രോൺ നേരിട്ട് വെയർഹൗസിനെ ലക്ഷ്യം വച്ചതായി ഉള്ള സംശയവും ഫാ. ഗ്രിനെവിച്ച് പ്രകടിപ്പിച്ചു. നമ്മളെ സംബന്ധിച്ചിടത്തോളം റഷ്യ സൈനിക വസ്തുക്കളെ മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളെ മാത്രമല്ല, മാനുഷിക വസ്തുക്കളെയും ആക്രമിക്കുന്നു എന്നതിന്റെ ഒരു അടയാളം കൂടിയാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു