നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസില്‍ ചെയർമാന്റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. ‘അങ്ങയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും തീർച്ചയായും ഈ മഹോന്നത സ്ഥാപനത്തെ സമ്പന്നമാക്കും. താങ്കള്‍ക്ക് ഫലവത്തായ ഒരു ഭരണകാലം ആശംസിക്കുന്നു’, അനുരാഗ് ഠാക്കൂര്‍ എക്സിൽ കുറിച്ചു. നിയമനത്തില്‍ കടുത്ത വിയോജിപ്പ് അറിയിച്ച് സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി യൂണിയന് പ്രസ്താവന പുറത്തിറക്കി. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അടുത്തു പ്രവര്‍ത്തിക്കുന്ന ബിജെപി നേതാവിനെ അധ്യക്ഷനായി നിയമിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്ന് യൂണിയന് അറിയിച്ചു.