Monday, November 25, 2024

‘ഇന്ത്യയെ പ്രകോപിപ്പിക്കാനോ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനോ ശ്രമിച്ചിട്ടില്ല’ കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ

ഇന്ത്യയെ പ്രകോപിപ്പിക്കാനോ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. ഇന്ത്യ വളർന്നുവരുന്ന രാജ്യമാണെന്നും ഇന്ത്യയെ പ്രകോപിപ്പിക്കാനോ പ്രശ്‌നങ്ങളുണ്ടാക്കാനോ കാനഡ ആഗ്രഹിക്കുന്നില്ലെന്നുമാണ് ട്രൂഡോയുടെ പ്രതികരണം. ഖാലിസ്ഥാനി ഭീകരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ഉടലെടുത്ത തർക്കത്തിനിടയിലാണ് ട്രൂഡോയുടെ ഈ അഭിപ്രായപ്രകടനം.

‘ഇന്ത്യ വളർന്നുവരുന്ന പ്രാധാനപ്പെട്ട ഒരു രാജ്യമാണ്. നമ്മൾ തുടർന്നും ഒരുമിച്ച് പ്രവർത്തിക്കേണ്ടവരാണെന്നതില്‍ തർക്കമില്ല, മേഖലയിൽ മാത്രമല്ല ആഗോള തലത്തിൽ തന്നെ. പ്രകോപിപ്പിക്കാനോ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനോ ഞങ്ങൾ ശ്രമിച്ചിട്ടില്ല. എന്നാൽ നിയമവാഴ്‌ചയുടെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾക്ക് സംശയമേതുമില്ല, കനേഡിയൻ പൗരൻമാരെ സംരക്ഷിക്കേണ്ടതിന്റെയും മൂല്യങ്ങൾക്കായി നിലകൊള്ളുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾ ബോധവാന്മാരാണ്’- പാശ്ചാത്യ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചും വിഷയത്തിൽ കാനഡയുടെ സഖ്യകക്ഷികളുടെ നിശബ്‌ദതയെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടിയായി ജസ്‌റ്റിൻ ട്രൂഡോ പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ നേരിട്ട് ചർച്ച നടത്തിയിരുന്നുവെന്ന് ജസ്‌റ്റിൻ ട്രൂഡോ പറഞ്ഞു. ‘നമ്മളുടേത് നിയമവാഴ്‌ചയുള്ള ഒരു രാജ്യമാണ്. കനേഡിയൻമാരെ സുരക്ഷിതമായി നിർത്തുന്നതിനും നമ്മുടെ മൂല്യങ്ങൾ അന്തർദ്ദേശീയ തലത്തിൽ ഉയർത്തിപ്പിടിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്താനും തയ്യാറാണ്’ നിജ്ജാറിനെ കനേഡിയൻ എന്ന് കൂടി അദ്ദേഹം വിശേഷിപ്പിച്ചു.

Latest News