ഏഷ്യന്‍ ഗെയിംസുമായി ബന്ധപ്പെട്ടുള്ള ചൈന സന്ദര്‍ശനം റദ്ദാക്കി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. ഗെയിംസിൽ നിന്ന് മൂന്ന് ഇന്ത്യൻ അത്ലറ്റുകളെ ചൈന വിലക്കിയതിനെ തുടർന്നാണ് നടപടി. ഇന്ത്യൻ വുഷു താരങ്ങളായ നെയ്മാൻ വാങ്സു, ഒനിലു ടെഗ, മെപുങ് ലാംഗു എന്നിവര്‍ക്കാണ് ചൈന വിലക്കേര്‍പ്പെടുത്തിയത്.
അരുണാചല്‍ പ്രദേശില്‍ നിന്നുള്ള മൂന്ന് താരങ്ങള്‍ക്കാണ് ചൈന പ്രവേശനം നിഷേധിച്ചത്. ഇതോടെ താരങ്ങള്‍ക്ക് ഗെയിംസില്‍ നിന്ന് നിര്‍ബന്ധിതമായി പിന്മാറേണ്ടി വന്നു. പിന്നാലെയാണ് കായിക മന്ത്രി അനുരാഗ് ഠാക്കൂർ ചൈന സന്ദര്‍ശനം ഒഴിവാക്കിയത്. “ഇന്ത്യൻ പൗരന്മാരെ പ്രദേശത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായി പരിഗണിക്കുന്നത് ഇന്ത്യ അനുകൂലിക്കുന്നില്ല.”- അരുണാചൽ പ്രദേശിൽ നിന്നുള്ള കായിക താരങ്ങൾക്കുള്ള അംഗീകാരം ചൈന നിഷേധിച്ചതിനെ കുറിച്ച് എംഇഎയുടെ പ്രസ്താവനയിൽ അറിയിച്ചു
അതേസമയം മറ്റ് ഏഴ് കളിക്കാരും ജീവനക്കാരും ഉൾപ്പെടുന്ന ഇന്ത്യൻ വുഷു ടീമിലെ മറ്റ് അംഗങ്ങൾ ഹോങ്കോങ്ങിലേക്ക് പോയി. അവിടെ നിന്ന് ചൈനയിലെ ഹാങ്ഷൂവിലേക്ക് വിമാനം കയറിയതായി മന്ത്രാലയം വ്യക്തമാക്കി.