ചന്ദ്രയാന്‍-3 ദൗത്യത്തിലെ വിക്രം ലാൻഡറിനെയും പ്രഗ്യാൻ റോവറിനെയും ഉണര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വീണ്ടും സൂര്യപ്രകാശം ലഭിച്ചുതുടങ്ങിയതോടെയാണ് ശ്രമങ്ങള്‍ പുനഃരാരംഭിച്ചത്. സ്ലീപിങ് മോഡിലുള്ള ഉപകരണങ്ങളിൽനിന്നും സിഗ്നലുകള്‍ ലഭിക്കാത്തതിനാല്‍ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇന്നും തുടരുമെന്ന് ഐ.എ.സ്.ആർ.ഒ അറിയിച്ചു.
ഭൂമിയിലെ 14 ദിവസംവരുന്ന ഒരു ചാന്ദ്രദിനത്തിനുശേഷം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യപ്രകാശം മാറി ഇരുട്ട് പരന്നിരുന്നു. ഇതേ തുടര്‍ന്നാണ് സോളാർപാനലുകൾ ഉപയോഗിച്ചുപ്രവർത്തിക്കുന്ന ലാൻഡറിനെയും റോവറിനെയും ഐ.എ.സ്.ആർ.ഒ സ്ലീപ്പിങ്ങ് മോഡിലേക്കു മാറ്റിയത്. 14 ഭൗമദിനത്തിനുശേഷം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വീണ്ടും സൂര്യൻ ഉദിച്ചതിനെതുടര്‍ന്നാണ് പേടകത്തെ ഉണര്‍ത്താനുള്ള ശ്രമം ഐ.എ.സ്.ആർ.ഒയും ആരംഭിച്ചത്.
താപനില 10 ഡിഗ്രിക്കു മുകളിലായാൽ റീ ആക്ടിവേഷൻ നടത്താനാകുമെന്ന പ്രതീക്ഷയാണ് ഐ.എ.സ്.ആർ.ഒയ്ക്കുള്ളത്. സോളാർ പാനലുകൾ പ്രവർത്തിച്ചുതുടങ്ങിയാൽ ആശയവിനിമയത്തിനുള്ള വെയ്ക്-അപ് സർക്യൂട്ട് പ്രവർത്തനസജ്ജമാകും. ലാൻഡറിനെയും റോവറിനെയും വീണ്ടും പ്രവർത്തനക്ഷമമാക്കുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും നിരാശാജനകമായ സാഹചര്യമുണ്ടാവില്ലെന്നും ഐ.എ.സ്.ആർ.ഒ കരുതുന്നു.