Monday, November 25, 2024

ആയുധങ്ങൾ 15 ദിവസത്തിനുള്ളിൽ മടക്കിനല്‍കണം: നിര്‍ദേശവുമായി മണിപ്പൂർ സർക്കാർ

മണിപ്പൂരില്‍ അനധികൃതമായി ആയുധങ്ങൾ കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ബിരേൻ സിങ് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. 15 ദിവസത്തിനുള്ളിൽ ആയുധങ്ങൾ സുരക്ഷാസേനയെ ഏല്പിക്കണെന്നും അല്ലാത്തപക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എൻ. ബിരേൻ സിങ് അറിയിച്ചു.

സംസ്ഥാനത്തുണ്ടായ വംശീയകലാപത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നടക്കം, നേരത്തെ അക്രമകാരികൾ ആയുധങ്ങൾ തട്ടിയെടുത്തിരുന്നു. പൊലീസ് സ്റ്റേഷനുകളിൽനിന്നും പൊലീസ് ഔട്ട്‌പോസ്റ്റുകളിൽനിന്നും 4000 വ്യത്യസ്ത തരം അത്യാധുനിക ആയുധങ്ങളും ലക്ഷക്കണക്കിന് വ്യത്യസ്ത തരം വെടിക്കോപ്പുകളുമാണ് ഇവര്‍ കൊള്ളയടിച്ചത്. ഈ ആയുധങ്ങളുപയോഗിച്ച് കൊള്ളയടിക്കൽ, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായതിനു പിന്നാലെയാണ് ആയുധങ്ങള്‍ തിരികെനല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

പതിനഞ്ചു ദിവസത്തെ കാലയാളവിനുശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സുരക്ഷാസേന സംസ്ഥാനത്തുടനീളം സമഗ്രമായ തിരച്ചിൽ നടത്തും. അനധികൃതമായി ആയുധങ്ങൾ കൈവശം വച്ചിരിക്കുന്ന എല്ലാ വ്യക്തികൾക്കുമെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അതേസമയം, ഇംഫാലിലെ പ്രത്യേക കോടതി ജാമ്യത്തില്‍ വിട്ടയച്ച അഞ്ച് പ്രതിരോധ വോളന്റിയര്‍മാരില്‍ ഒരാളെ കേന്ദ്രസുരക്ഷാ ഏജന്‍സി വീണ്ടും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായി. എന്നാല്‍ വീണ്ടും, അറസ്റ്റിലായ യുവാവിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Latest News