Monday, November 25, 2024

യു.എൻ ജനറൽ അസംബ്ലി: ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം പൂര്‍ത്തിയായി

ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവ ഉൾപ്പെടുന്ന ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം പൂര്‍ത്തിയായി. ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലി (യു.എൻ.ജി.എ) സമ്മേളനത്തിന്റെ ഭാഗമായാണ് വിദേശകാര്യ മന്ത്രിമാരുടെ യോഗം. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജപ്പാന്റെ പുതിയ വിദേശകാര്യ മന്ത്രി യോക്കോ കാമികാവ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

യു.എൻ ജനറൽ അസംബ്ലിയുടെ ഉദ്ദേശ്യങ്ങളും തത്വങ്ങളും ഉയർത്തിപ്പിടിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത, കൂടിക്കാഴ്ചയിൽ മന്ത്രിമാർ ആവർത്തിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു. ഖാലിസ്ഥാനി ഭീകരന്‍ന്റെ കൊലപാതവുമായി ബന്ധപ്പെട്ട് തര്‍ക്കം തുടരുന്ന ഇന്ത്യ – കാനഡ സംഘര്‍ഷവും യുക്രൈന്‍ യുദ്ധവും ക്വാഡില്‍ ചര്‍ച്ചയായി. ഭരണം നിലനിർത്താനുള്ള ആഭ്യന്തരസമ്മർദ്ദമാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇന്ത്യയ്ക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചതെന്ന് ക്വാഡ് വിലയിരുത്തി.

ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉത്തര കൊറിയ നടത്തുന്ന വിക്ഷേപണങ്ങളെയും യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ ലംഘിച്ച് ആണവായുധങ്ങൾ തുടർച്ചയായി പരീക്ഷിക്കുന്നതിനെയും നാല് ക്വാഡ് രാജ്യങ്ങളും അപലപിച്ചു. കൂടാതെ, യുക്രൈന്‍ യുദ്ധത്തിൽ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം ഉണ്ടാകണമെന്നും വിദേശകാര്യ മന്ത്രിമാര്‍ ആവശ്യപ്പെട്ടു. ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ അടുത്ത യോഗം 2024 -ൽ ജപ്പാനിൽ നടക്കും.

Latest News