കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ജനപ്രീതിയില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ഗ്ലോബൽ ന്യൂസിനുവേണ്ടി കാനഡയിലെ വിപണിഗവേഷണ സ്ഥാപനമായ ‘ഇപ്‌സോസ്’ നടത്തിയ അഭിപ്രായ സർവേയിലാണ് തിരിച്ചടി. ട്രൂഡോയുടെ ഖലിസ്ഥാൻ അനുകൂല നിലപാടും ഭീകരന്‍ നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരായ ആരോപണം ഉന്നയിച്ചതും ജനപ്രീതി ഇടിയാന്‍ കാരണമായതായാണ് വിലയിരുത്തല്‍.
അഭിപ്രായ സര്‍വേയില്‍ 40 ശതമാനവും, പ്രതിപക്ഷനേതാവ് പിയർ പൊളിയേവിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടിയെ അനുകൂലിച്ചു. ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തുമെന്നാണ് സര്‍വേഫലം. സര്‍വേയില്‍ 30% വോട്ടാണ് ലിബറൽ പാർട്ടിയുടെ നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ട്രൂഡോയ്ക്ക് ലഭിച്ചത്. ന്യൂഡെമോക്രാറ്റിക് പാർട്ടിയുടെ ജഗ്‍മീത് സിങ്ങിന് സർവേയിൽ 22% വോട്ടുലഭിച്ചു. ഖാലിസ്ഥാനോട് അനുഭാവമുള്ള ഇന്ത്യൻവംശജനായ ജഗ്‍മീതിന്റെ പാർട്ടി ട്രൂഡോ സർക്കാരിൽ സഖ്യകക്ഷിയാണ്.
2025 -ലാണ് കാനഡയിൽ അടുത്ത പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്. ജൂലൈയിൽ നടന്ന മറ്റൊരു അഭിപ്രായ സർവേയിൽ കഴിഞ്ഞ 50 വർഷത്തിനിടെയുള്ള ഏറ്റവും മോശം പ്രധാനമന്ത്രിയെന്ന വിശേഷണവും ട്രൂഡോ നേടിയിരുന്നു.