യൂറോപ്യൻ രാജ്യങ്ങൾ അഭയാർഥികളോട് കൂടുതൽ സഹിഷ്ണുത കാണിക്കണമെന്ന് അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ദക്ഷിണ ഫ്രഞ്ച് നഗരമായ മാഴ്സെയിൽ ബിഷപ്പുമാരുമായും മെഡിറ്ററേനിയൻ രാജ്യങ്ങളിൽനിന്നുള്ള യുവജനങ്ങളുമായും സംവദിക്കവെയാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയിൽ കഴിഞ്ഞയാഴ്ച വൻതോതിൽ അഭയാർഥികൾ എത്തിയതിന്റെ പശ്ചാത്തലത്തിൽ അഭയാർഥി ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് മാർപാപ്പ നിലപാട് വ്യക്തമാക്കിയത്. കുടിയേറ്റം ഒരു അടിയന്തര സാഹചര്യമല്ലെന്നും മറിച്ച് ഇന്നത്തെ കാലത്തെ യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധിപൂർവകമായ കാഴ്ചപ്പാടോടെ ഈ വിഷയം കൈകാര്യം ചെയ്യണമെന്നും മെഡിറ്ററേനിയനിൽനിന്നുയരുന്ന വിലാപങ്ങൾക്ക് നാം ചെവി കൊടുക്കണമെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.