തെക്കന്‍ യുക്രേനിയന്‍ പ്രവിശ്യയായ ഖേഴ്സണിലെ വിവിധ മേഖലകളില്‍ ഞായറാഴ്ച റഷ്യയുടെ വ്യോമാക്രമണം നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖേഴ്സണ്‍ ഗവര്‍ണര്‍ ഒലക്സാണ്ടര്‍ പ്രൊക്കോടിനാണ് ഇതുസംബന്ധിച്ച വിവരം പങ്കുവച്ചത്.
“ബെറിസ്ലാവ് നഗരത്തില്‍ റഷ്യന്‍സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ നിരവധി സ്വകാര്യഭവനങ്ങള്‍ തകര്‍ന്നെങ്കിലും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല” – ഒലക്സാണ്ടര്‍ പറഞ്ഞു. രണ്ടാമത് വ്യോമാക്രമണം നടന്ന ലിവോവില്‍ 67 വയസ്സുള്ള ഒരാള്‍ കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആക്രമണത്തില്‍ ഏതുതരത്തിലുള്ള ആയുധമാണ് ഉപയോഗിച്ചതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയില്ല.
അതേസമയം, യുക്രൈന്റെ ഡ്രോണ്‍ തങ്ങളുടെ നഗരമായ കുർസ്കിലെ ഭരണനിര്‍വഹണ കെട്ടിടത്തില്‍ ഇടിച്ചതായി റഷ്യ ആരോപിച്ചു. കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായും നഗരത്തിന്റെ ചുമതലയുള്ള ഗവര്‍ണര്‍ റോമൻ സ്റ്റാറോവൈറ്റ് അറിയിച്ചു. എന്നാല്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം.