ഇന്ത്യയുമായുളള ബന്ധം പ്രധാനമാണെന്ന് കനേഡിയന്‍ പ്രതിരോധമന്ത്രി ബില്‍ ബ്ലെയര്‍. ഖലിസ്താന്‍ അനുകൂല നേതാവിന്റെ കൊലപാതകത്തിന്റെ പേരില്‍ ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയിലെ നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് കനേഡിയന്‍ പ്രതിരോധമന്ത്രിയുടെ പ്രസ്താവന. ദി വെസ്റ്റ് ബ്ലോക്കിനു നല്‍കിയ അഭിമുഖത്തിലാണ് കനേഡിയന്‍ പ്രതിരോധമന്ത്രി ഇക്കാര്യം പറഞ്ഞത്.
“ഖലിസ്ഥാൻ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിലെ സത്യം പുറത്തുവരണം. ഇന്ത്യയുമായുള്ള ബന്ധം പ്രധാനമാണ്. ആരോപണങ്ങളില്‍ അന്വേഷണം തുടരുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം തുടരണം” – ബ്ലെയര്‍ പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെ സംബന്ധിച്ചിടത്തോളം ഇത് വെല്ലുവിളി നിറഞ്ഞ ഒരു പ്രശ്‌നമാണെന്ന് മനസ്സിലാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം ശരിയായ ദിശയിലെന്ന് വ്യക്തമാക്കിയ ബില്‍ ബ്ലെയര്‍, നിയമവാഴ്ച ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചു.
അതേസമയം, കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ച നടപടി ഉടന്‍ പുനഃരാരംഭിക്കില്ലെന്ന നിലപാട് ഇന്ത്യ കൈക്കൊണ്ടിരുന്നു. കാനഡയുമായുള്ള നയതന്ത്രബന്ധം വഷളായതിനുപിന്നാലെ കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരുന്നു. ഇ- വിസ അടക്കം ഒരുതരത്തിലുള്ള വിസയും അനുവദിക്കില്ലെന്നാണ് തീരുമാനം. മൂന്നാമതൊരു രാജ്യംവഴിയും കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍വിസ ലഭിക്കില്ല.