ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നും ശേഖരിച്ച കല്ലിന്റെയും മണ്ണിന്റെയും സാമ്പിള്‍ ഭൂമിയിലെത്തിക്കുന്ന ഒസിരിസ് റെക്‌സ് ദൗത്യം വിജയകരമായി നാസ പൂര്‍ത്തീകരിച്ചു. ഇതാദ്യമായാണ് ഒരു ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിൾ തിരികെ കൊണ്ടുവരാനുള്ള ദൗത്യം നാസ നടത്തുന്നത്. സാമ്പിളുകളുമായി എത്തിയ ഒസിരിസ്-റെക്സ് പേടകം യൂട്ടാ മരുഭൂമിയിലെ ടെസ്റ്റിങ്ങ് റേഞ്ചില്‍ ഞായറാഴ്ചയാണ് പതിച്ചത്.
ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങളുടെ രൂപീകരണവും സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ചുമുള്ള പഠനത്തിനുമാണ് ഛിന്നഗ്രഹത്തില്‍ നിന്നും നാസ സാമ്പിളുകള്‍ ശേഖരിച്ചത്. ഈ സാമ്പിള്‍ പ്രത്യേക താപകവചമുള്ള പേടകത്തില്‍ നാസ ഭൂമിയില്‍ എത്തിക്കുകയായിരുന്നു. സാമ്പിൾ കൊണ്ടുവന്ന ക്യാപ്‌സ്യൂളിൽ നിലവില്‍ 250 ഗ്രാം മെറ്റീരിയലുണ്ടെങ്കിലും കൃത്യമായ അളവെടുപ്പിന് ശേഷം ഭാരം കൃത്യമായി അറിയാനാകും.
2016 ലാണ് സാമ്പിളുകള്‍ ശേഖരിക്കാനായി ഒസിരിസ് റെക്‌സ് വിക്ഷേപിച്ചത്. എട്ടു കോടി കിലോമീറ്റര്‍ അകലെയുള്ള ബെന്നുവില്‍ നാലുവര്‍ഷം എടുത്ത് 2020 ല്‍ ഒസിരിസ് എത്തി. എന്നാല്‍ കോടിക്കണക്കിനു വര്‍ഷം മുന്നേ രൂപപ്പെട്ട ബെന്നുവിന്‍റെ പ്രതലം ഉറച്ചതായിരുന്നില്ല. അതിനാല്‍ ഒസിരസിന്റെ ലാന്‍ഡിങ്ങ് ക്ലേശകരമായിരുന്നതായി നാസ പറയുന്നു. മണ്ണുപോലെ ഇളകി കിടന്ന ബെന്നുവില്‍ ഒസിരിസ് തൊട്ടതോടെ വലിയൊരു ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. അതില്‍ ആഴ്ന്നു പോകാതെ തന്നെ കല്ലും മണ്ണും ശേഖരിക്കുന്ന ശ്രമകരമായ ദൗത്യം ഒസിരിസ് റെക്‌സ് നിര്‍വഹിക്കുകയായിരുന്നു.
ബെന്നു ചിന്നഗ്രഹം
ഓരോ ആറു വര്‍ഷം കൂടുമ്പോഴും ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന ബെന്നു എന്ന ഛിന്നഗ്രഹത്തെ 1999-ലാണ് നാസ കണ്ടെത്തുന്നത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന്റെ വലുപ്പമുള്ള ഈ ഛിന്നഗ്രഹത്തിന് 22 ആറ്റോമിക് ബോംബുകളുടെ പ്രഹരശേഷിയാണ് ഉള്ളത്. ബെന്നുവിന് 4.5 ബില്ല്യണ്‍ വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്നുവെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു. നേരത്തെ ഇത് 1999 ആര്‍ക്യു36 എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് 2013-ല്‍ ഛിന്നഗ്രഹത്തിന്റെ പേര് ബെന്നുവെന്ന് പുനഃനാമകരണം ചെയ്യുകയായിരുന്നു. പിന്നാലെയാണ് സൗരയൂഥ രഹസ്യങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന ശാസ്ത്ര ലോകത്തിന് വിശദ പഠനങ്ങള്‍ നടത്തുന്നതിന് വേണ്ടി സാമ്പിളുകള്‍ ശേഖരിക്കാന്‍ ഒസിരിസ്-റെക്സ് പേടകത്തെ നാസ ബെന്നുവിലേക്ക് അയച്ചത്.
ഇതേ തുടര്‍ന്ന് ബഹിരാകാശ പേടകമായ ഒസിരിസ് -റെക്‌സ് ബെന്നുവിന്റെ ഉപരിതലത്തില്‍ പോയി പാറയ്ക്ക് സമാനമായ വസ്തു ശേഖരിച്ചു. ഈ സാംപിള്‍ ശേഖരിച്ച സ്ഥലം നൈറ്റിംങ് ഗേല്‍ എന്നാണ് അറിയപ്പെടുന്നത്. അതേസമയം, അടുത്ത നൂറ്റാണ്ടോടെ ബെന്നൂ എന്ന ഛിന്നഗ്രഹം ഭൂമിയോട് കൂടുതൽ അടുത്ത് വരുമെന്നും, കൂടാതെ അത് ഭൂമിയുമായി കൂട്ടിയിടിയിലേക്ക് നയിച്ചേക്കാമെന്നും ശാസ്ത്രലോകം കരുതുന്നു.