Monday, November 25, 2024

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ലോക റെക്കോര്‍ഡോടെ സ്വര്‍ണത്തിളക്കം

19 -ാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണത്തിളക്കം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമാണ് രാജ്യത്തിനായി ആദ്യസ്വര്‍ണം നേടിയത്. ലോക റെക്കോര്‍ഡോടെയാണ് ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം.

കഴിഞ്ഞ മാസം ബാക്കു വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ചൈന നേടിയ ലോക റെക്കോര്‍ഡ് മറികടന്നാണ് ഇന്ത്യയുടെ നേട്ടം. ചൈനയുടെ സ്‌കോറിനേക്കാള്‍ 0.4 പോയിന്‍റാണ് ഇന്ത്യ നേടിയത്. മൂവരും വ്യക്തിഗത യോഗ്യതാറൗണ്ടില്‍ ആകെ 1893.7 പോയിന്റ് നേടി. ദക്ഷിണ കൊറിയ 1890.1 പോയിന്റുമായി രണ്ടാം സ്ഥാനത്തും ചൈന 1888.2 പോയിന്റുമായി മൂന്നാം സ്ഥാനത്തും എത്തി. രുദ്രാക്ഷ് 631.6 പോയിന്റാണ് നേടിയത്, ഐശ്വരി 631.6 പോയിന്റും ദിവ്യാന്‍ഷ് 629.6 പോയിന്റും വീതം നേടി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഇതുവരെ ഏഴ് മെഡലുകളാണ് നേടിയിരിക്കുന്നത്.

ഏഷ്യന്‍ ഗെയിംസിന്റെ ആദ്യ ദിനമായ ഞായറാഴ്ച 10 മീറ്റർ എയർ റൈഫിളിലും തുഴച്ചിലിലും ഇന്ത്യ വെള്ളി നേടി മെഡല്‍ കൊയ്ത്ത് ആരംഭിച്ചിരുന്നു. അർജുൻ ലാൽ – അരവിന്ദ് സഖ്യമാണ് ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ വെള്ളിമെഡൽ നേടിയത്. 10 മീറ്റർ എയർ റൈഫിളിൽ മേഹുലി ഘോഷ്, ആഷി ചൗക്‌സി, റമിത എന്നിവരടങ്ങിയ ടീമിനും വെള്ളിമെഡൽ ലഭിച്ചിരുന്നു.

Latest News