ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ നിരവധി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി ബി.ആര്‍.ഒയുടെ യുടെ അവകാശവാദം. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബി.ആര്‍.ഒ) ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ചൗധരിയാണ് ഇക്കാര്യം പങ്കുവച്ചത്. ലോകത്തിലെ ഏറ്റവും വലിയ ത്രീ-ഡി കോണ്‍ക്രീറ്റ് പ്രിന്റഡ് കോംപ്ലക്സായി കണക്കാക്കപ്പെടുന്ന ബി.ആര്‍.ഒയുടെ എയര്‍ ഡിസ്പാച്ച് യൂണിറ്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനെത്തിയതായിരുന്നു അദ്ദേഹം.
“കഴിഞ്ഞ വര്‍ഷങ്ങളിലായി 8,000 കോടി രൂപയുടെ 300 പദ്ധതികള്‍ പൂര്‍ത്തിയാക്കി. കൂടാതെ, 295 റോഡ് പദ്ധതികളും പാലങ്ങളും തുരങ്കങ്ങളും എയര്‍ഫീല്‍ഡുകളും ബി.ആര്‍.ഒ നിര്‍മ്മിച്ചു” – രാജീവ് ചൗധരി പറഞ്ഞു. ബജറ്റും പുതിയ സാങ്കേതികവിദ്യയും വര്‍ധിപ്പിച്ച് അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബി.ആര്‍.ഒയെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നുണ്ടെന്നും മുന്‍ യു.പി.എ സര്‍ക്കാര്‍ അതിര്‍ത്തിമേഖലയില്‍ റോഡുകള്‍ നിര്‍മ്മിച്ച് മുന്‍കരുതല്‍ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങള്‍ക്കുസമീപം ചൈന പ്രധാന അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി ചൈന അതിര്‍ത്തിയില്‍ ബി.ആര്‍.ഒയും മറ്റ് ഏജന്‍സികളും ധാരാളം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നായിരുന്നു മറുപടി. 60 പ്രോജക്ടുകള്‍ കൂടി നാലുമാസത്തിനുള്ളില്‍ തയാറാകും. റോഡുകളുടെ നിര്‍മ്മാണത്തില്‍ സ്റ്റീലിന്റെ ഉപോല്പന്നമായ സ്റ്റീല്‍ സ്ലാഗും പ്ലാസ്റ്റിക്കും ബി.ആർ.ഒ ഉപയോഗിക്കുന്നുണ്ടെന്നും രാജീവ് ചൗധരി കൂട്ടിച്ചേര്‍ത്തു.