ഒക്ടോബർ നാലിന് നിശ്ചയിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടന തീയതി മാറ്റിവച്ചു. ചൈനയിലെ ഷാങ്ഹായില്‍ നിന്നും പുറപ്പെട്ട കപ്പൽ കടലിലെ മോശം കാലവസ്ഥയെതുടര്ന്ന് എത്താൻ വൈകുമെന്നതിനാലാണ് തീരുമാനം. നിലവില്‍ ഒക്ടോബർ 15 -ന് ആദ്യ കപ്പൽ വിഴിഞ്ഞത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുറമുഖത്തിനുവേണ്ട മൂന്ന് ക്രെയിനുകളുമായാണ് ചൈനീസ് കപ്പൽ ‘ഷെൻഹുവ’ വിഴിഞ്ഞത്തേക്കു വരുന്നത്. 100 മീറ്റർ ഉയരവും 60 മീറ്റർ കടലിലേക്ക് തള്ളിനിൽക്കുകയും ചെയ്യുന്ന 5,600 ടൺ ഭാരമുള്ള ഒരു സൂപ്പര്‍ പോസ്റ്റ് പനാമാക്സ് ക്രെയിനും 30 മീറ്റർ ഉയരമുള്ള രണ്ട് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. നേരത്തെ, ഒക്ടോബര്‍ നാലിന് കപ്പല്‍ വിഴിഞ്ഞത്തെത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
അതേസമയം, കപ്പൽ നങ്കൂരമിടുന്നതിനുള്ള സംവിധാനങ്ങളുമായി വിഴിഞ്ഞം സജ്ജമാണ്. ഇതിനാവശ്യമായ ബർത്ത് നിർമ്മാണവും പുലിമുട്ട് നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. ക്രെയിന്‍ എത്തിയശേഷം ബർത്തിൽ ഉറപ്പിക്കും. ഈ ക്രെയിനുകള്‍ ഉപയോഗിച്ചായിരിക്കും യാർഡിലെത്തുന്ന കപ്പലുകളിൽനിന്ന് കണ്ടെയ്നറുകൾ ഇറക്കുകയും കയറ്റുകയും ചെയ്യുക. സംസ്ഥാനവും രാജ്യവും ഉറ്റുനോക്കുന്ന വികസനപദ്ധതിയുടെ ആദ്യഘട്ടപൂർത്തീകരണം ആഘോഷമാക്കി മാറ്റാനാണ് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ശ്രമം. ഒക്ടോബർ, നവംബർ മാസങ്ങളിൽ മറ്റു കപ്പലുകളും ക്രെയിനുമായി എത്തും.