Monday, November 25, 2024

മലയാള ചിത്രം ‘2018; എവരിവണ്‍ ഇസ് എ ഹീറോ’: ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രി

ടൊവിനോ തോസമസിനെ കേന്ദ്രകഥാപാത്രമാക്കി ജൂഡ് ആന്‍റണി അവതരിപ്പിച്ച ‘2018; എവരിവണ്‍ ഇസ് എ ഹീറോ’ എന്ന മലയാളചലച്ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി തിരഞ്ഞെടുത്തു. കേരളത്തെ പിടിച്ചുകുലുക്കിയ 2018 -ലെ പ്രളയം ആസ്പദമാക്കി ഒരുക്കിയ ചിത്രം മികച്ച അന്താരാഷ്ട്രചലച്ചിത്രം എന്ന വിഭാഗത്തിലാണ് മത്സരിക്കുക. 200 കോടി ക്‌ളബിൽ ഇടംപിടിച്ച ആദ്യ മലയാളസിനിമ കൂടിയാണ് ‘2018.’

ഗിരീഷ് കർണാട് നയിക്കുന്ന കമ്മിറ്റിയാണ് ജൂഡ് ആന്റണി ചിത്രത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി തിരഞ്ഞെടുത്തത്. 2023 മെയ് 5 -ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തില്‍ പ്രളയം, അതില്‍ ഒലിച്ചുപോകുന്ന കെട്ടിടങ്ങള്‍ മനുഷ്യര്‍, മൃഗങ്ങള്‍ മറ്റ് പാരിസ്ഥിതപ്രശ്‌നങ്ങള്‍ എന്നിവയാണ് ചര്‍ച്ചചെയ്യുന്നത്. ദ കേരള സ്റ്റോറി, വാല്‍വി, ഗദര്‍ 2, ബാലഗാം, ദസറ, സ്വിഗാറ്റോ, ദ സ്‌റ്റോറിടെല്ലര്‍, റോക്കി ഔര്‍ റാണി കി പ്രേം കഹാനി, മ്യൂസിക് സ്‌കൂള്‍ എന്നിവയുള്‍പ്പെടെയുള്ള 22 സിനിമകള്‍ അവസാനഘട്ടത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. ഇതില്‍നിന്നാണ് 2018 -നെ ഔദ്യോഗിക ഓസ്കർ എൻട്രിയായി തിരഞ്ഞെടുത്തത്.

ടൊവിനോയ്ക്കുപുറമെ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ലാൽ, നരേൻ, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, അജു വർഗീസ് ഉൾപ്പെടെയുള്ള താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. അഖിൽ പി. ധർമജൻ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ്ജും ചിത്രസംയോജനം ചമൻ ചാക്കോയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിൻ പോളി സംഗീതവും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു. ‘കാവ്യാ ഫിലിംസ്’, ‘പി.കെ പ്രൈം പ്രൊഡക്ഷൻസ് ‘എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Latest News