ഇന്നത്തെ ലോകത്ത് മാതാപിതാക്കളെ ഏറെ കുഴപ്പിക്കുന്ന ഒന്നാണ് കുട്ടികളെ വളർത്തുക എന്നത്. ജോലിക്കാരായ മാതാപിതാക്കളെയും ഒറ്റയ്ക്ക് താമസിക്കേണ്ടിവരുന്ന ചെറിയ കുടുംബങ്ങളെയും ഏറെ വലയ്ക്കുന്ന ഒരു വലിയ ഉത്തരവാദിത്വമാണിത്. എന്നാൽ കുഞ്ഞുങ്ങളെ മിടുക്കരാക്കി വളർത്താൻ വലിയ പ്രയാസമൊന്നുമില്ലെന്നാണ് വിദഗ്ധാഭിപ്രായം. അതിനായി ചില പൊടിക്കൈകൾ സ്നേഹത്തിൽ ചാലിച്ച് പ്രയോഗിക്കണമെന്നുമാത്രം. ഇത്തരത്തിൽ കുട്ടികളെ സ്മാർട്ടാക്കി വളർത്താൻ സഹായിക്കുന്ന ഏതാനും മാർഗങ്ങൾ ഇതാ…
1. കുട്ടികളെ അവരുടെ കുറവുകളോടെ അംഗീകരിക്കുക
ഓരോ കുട്ടിക്കും ഓരോ കഴിവുകളാണ് ഉള്ളത്. അതുപോലെതന്നെ നാം ആഗ്രഹിക്കുന്ന രീതിയിൽ എപ്പോഴും അവർ പെരുമാറണമെന്നുമില്ല. സ്വഭാവത്തിലെ വ്യത്യാസങ്ങൾകൊണ്ടും സവിശേഷതകൾകൊണ്ടും ഒന്നിൽനിന്നും വ്യത്യസ്തരായിരിക്കും കുട്ടികൾ. അതിനാൽ അവരെ അവർ എന്തായിരിക്കുന്നുവോ ആ അവസ്ഥയിൽ അംഗീകരിക്കുക എന്നതാണ് പ്രധാനം. തങ്ങൾ സ്നേഹിക്കപ്പെടുന്നുണ്ട് എന്ന തോന്നലിൽ വളരാൻ മക്കൾക്ക് മാതാപിതാക്കളുടെ കരുതലും കൂട്ടും ആവശ്യമാണ്. അതിനാൽ മക്കളുടെ കുറവുകളിൽ അവരെ കുറ്റപ്പെടുത്താതെ, മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ അവരെ ചേർത്തുപിടിക്കാം. അപ്പോൾ അവർ മിടുക്കരായി വളരും.
2. താരതമ്യം ഒഴിവാക്കാം
ഒരു കുട്ടിയും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് തങ്ങളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നത്. അത് ചെറുപ്രായത്തിലുള്ള കുട്ടികളാണെങ്കിൽപോലും, അവരെ നോക്കിപ്പഠിക്കാൻ പറയുന്നത് കുട്ടികൾക്ക് ഇഷ്ടമല്ല. അതിനാൽ, ബോധപൂർവം നമ്മൾ നടത്തുന്ന താരതമ്യപ്പെടുത്തലുകൾ ഒഴിവാക്കാം. കുട്ടികൾ അവരുടെ സ്വതസിദ്ധമായ കഴിവുകളോടും പ്രത്യേകതകളോടുംകൂടെ വളരട്ടെ.
3. കുട്ടികൾക്ക് പറയാനുള്ളത് കേൾക്കാം
നമ്മുടെ തിരക്കിനിടയിൽ നാം പലപ്പോഴും മറന്നുപോകുന്ന ഒന്നാണ് കുട്ടികൾക്കും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് എന്ന വസ്തുത. അവരെ കേൾക്കാനും അവർക്കൊപ്പം സമയം ചിലവിടാനും ശ്രമിക്കേണ്ടത് ആവശ്യമാണ്. മുതിർന്നവർക്ക് ചിലപ്പോൾ നിസ്സാരമെന്നുതോന്നുന്ന കാര്യങ്ങളായിരിക്കാം കുട്ടികൾക്ക് പറയാനുള്ളത്. അത് എന്തുതന്നെയായാലും അവരുടെ വാക്കുകൾക്ക് നമുക്ക് കാതോർക്കാം. ഒപ്പം അവരുടെ അഭിപ്രായങ്ങളും ഇഷ്ടങ്ങളും മാനിക്കുകയും അവർക്കിഷ്ടമുള്ളവ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യാം.
4. അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും
കുട്ടികൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവരെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കാം. വലിയ കാര്യങ്ങൾ ചെയ്യുമ്പോൾ മാത്രമല്ല, നിസ്സാരമെന്നു തോന്നിക്കുന്ന നല്ല കാര്യങ്ങൾ ചെയ്യുമ്പോഴും പ്രോത്സാഹിപ്പിക്കുന്നത് ഭാവിയിൽ കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കും. ഒപ്പം സ്വയം ഒരു മതിപ്പും ഉത്തരവാദിത്വങ്ങൾ തന്റേടത്തോടെ ഏറ്റെടുക്കാനുള്ള ആത്മവിശ്വാസവും കുട്ടികളിൽ വർദ്ധിക്കുന്നതിനും അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും കാരണമായി മാറുന്നു.
5. കുട്ടികളെ പുറത്ത് കളിക്കാൻ അനുവദിക്കുക
മൊബൈൽ ഫോൺ കൊടുത്ത് കുട്ടികളെ അടക്കിയിരുത്താൻ ശ്രമിക്കരുത്. തൽക്കാലത്തേക്ക് കുട്ടി അടങ്ങിയിരിക്കുമെങ്കിലും അത് ബുദ്ധിവികാസം, ഭാഷാനൈപുണ്യം, പഠനം, സാമൂഹികമായി ഇടപെടാനുള്ള കഴിവ്, ശ്രദ്ധ കേന്ദ്രീക്കാനുള്ള കഴിവ് എന്നിവയെ പ്രതികൂലമായി ബാധിക്കും. അതിനാൽ കുട്ടികളെ വീടിനു പുറത്ത് കളിക്കാൻ അനുവദിക്കുക. കായികാധ്വാനം കുട്ടികളുടെ മാനസിക-ശാരീരികവളർച്ചയ്ക്ക് അത്യാവശ്യമാണെന്ന് ഓർക്കുക.
6. തുറന്നുപറയാനുള്ള സ്വാതന്ത്ര്യം നൽകാം
കുട്ടിയുടെ വളർച്ചയ്ക്കനുസരിച്ച് തങ്ങളുടെ ശരീരസുരക്ഷയെക്കുറിച്ചും അവരെ ബോധവാന്മാരാക്കുക എന്നത് ഇന്നത്തെ കാലഘട്ടത്തിൽ അത്യാവശ്യമായ ഒന്നാണ്. എന്തും തുറന്നുപറയാനുള്ള സ്വാതന്ത്യം കുട്ടികൾക്ക് അനുവദിക്കുന്നതാണ് അഭികാമ്യം. അങ്ങനെവരുമ്പോൾ അവർ, തങ്ങൾക്കു സംഭവിക്കുന്നതും തങ്ങൾമൂലം സംഭവിക്കുന്നതുമായ കാര്യങ്ങൾ മാതാപിതാക്കളോട് ഭയംകൂടാതെ പറയും. ഓർക്കുക, പേടിപ്പിച്ചുവളർത്തുന്ന കാലഘട്ടം അതിക്രമിച്ചിരിക്കുന്നു. സ്നേഹത്തോടെ ചേർത്തുനിർത്തുമ്പോൾ മാത്രമേ കുട്ടികൾ മാതാപിതാക്കളോടും അവർ പങ്കുവയ്ക്കുന്ന മൂല്യങ്ങളോടും ചേർന്ന് വളരുകയുള്ളൂ.