ചന്ദ്രയാന്‍-3 ദൗത്യത്തിലെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഇനി ഉണർന്നേക്കില്ലെന്ന സൂചനയുമായി ഐ.എസ്.ആർ.ഒ. സ്ലീപിങ് മോഡിലുള്ള ഉപകരണങ്ങള്‍ സെപ്റ്റംബർ 22 -ന് പ്രവര്‍ത്തിപ്പിക്കാമെന്ന പ്രതീക്ഷ ശാസ്ത്രലോകത്തിനുണ്ടായിരുന്നു. എന്നാല്‍, മണിക്കൂറുകൾ പിന്നിടുമ്പോഴും ഇതുവരെയും ശ്രമങ്ങള്‍ വിജയിക്കാത്തതിനാല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യത മങ്ങുകയാണെന്നാണ് വിവരം.
14 ദിവസം പ്രവർത്തിക്കുന്നതരത്തിലായിരുന്നു ചന്ദ്രയാന്‍ -3 ലെ ഉപകരണങ്ങളെ രൂപകല്പന ചെയ്തിരുന്നത്. ലാൻഡറും റോവറും ഇരിക്കുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യപ്രകാശം ലഭിക്കുകയാണെങ്കിൽ ഉണർന്നേക്കാമെന്നായിരുന്നു ഐ.എസ്.ആർ.ഒയുടെ പ്രതീക്ഷ. സെപ്റ്റംബര്‍ രണ്ടിന് ദൗത്യം പൂർത്തിയായതോടെ ചന്ദ്രനിലെ സൂര്യാസ്തമയത്തിനു മുന്നോടിയായി ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തി സ്ലീപ്പ് മോഡിലേക്ക് ഇസ്രോ മാറ്റിയിരുന്നു. ഇവയെ വീണ്ടും പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്.
ശിവശക്തി പോയിന്റിൽ സൂര്യനുദിച്ചത് മുതൽ ലാൻഡറുമായും റോവറുമായും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലം അത് ഇതുവരെ ഫലം കണ്ടിട്ടില്ല. സെപ്തംബർ 30ന് ചാന്ദ്രരാത്രി ആരംഭിക്കാനിരിക്കുന്നതും ശാസ്ത്രലോകത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്. അതേസമയം, വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ചാന്ദ്രരാത്രിയിലെ ശൈത്യത്തിൽനിന്നും അതിജീവിക്കുന്ന തരത്തിൽ രൂപകല്പന ചെയ്തവയായിരുന്നില്ല. തണുപ്പിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ മരവിച്ച് നശിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. എന്നാൽ നേരിയ പ്രതീക്ഷയാണ് ഇതുവരെയുള്ള കാത്തിരിപ്പിനു കാരണം. ഇനി ഉണർന്നില്ലെങ്കിൽകൂടി ദൗത്യം പൂർണ്ണവിജയമാണ്.