പ്രമുഖ മെസേജിംങ് പ്ലാറ്റ്‌ഫോമായ വാട്സാപ്പ് ഇനിമുതല്‍ ആന്‍ഡ്രോയിഡ് ഒ.എസ് പതിപ്പ് 4.1 ലും അതിനുമുമ്പുള്ള സ്മാര്‍ട്ട്ഫോണുകളിലും ലഭിക്കില്ല. ഫോണ്‍ അപ്ഗ്രേഡ് ചെയ്തില്ലെങ്കില്‍ തങ്ങളുടെ സേവനം ലഭിക്കില്ലെന്നാണ് വാട്സാപ്പിന്റെ മുന്നറിയിപ്പ്. സുരക്ഷാമുന്‍കരുതലുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇതെന്നാണ് വാട്സാപ്പിന്റെ വിശദീകരണം.
ഒക്ടോബര്‍ 24 -നുശേഷം പഴയ സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് വാട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് വാട്സാപ്പിന്റെ മുന്നറിയിപ്പ്. സാംസണ്‍ ഗാലക്സി നോട്ട്-2 മുതലുള്ള സ്മാര്‍ട്ട് ഫോണുകളില്‍ നിന്നാണ് വാട്സാപ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. എച്ച്.ടി.സി വണ്‍, സോണി എക്സ്പീരിയെൻസ്ഡ്, എല്‍.ജി ഒപ്റ്റിമസ് ജി-പ്രോ, സാംസണ്‍ ഗ്യാലക്സി എസ് 2, സാംസങ് ഗ്യാലക്സി നെക്സസ്, എച്ച്.ടി.സി സെന്‍സേഷന്‍, സോണി എറിക്സണ്‍ എക്സ്പീരിയ ആര്‍ക് 3 എന്നീ ഫോണുകളിലും വാട്സാപ് പ്രവര്‍ത്തനം ലഭ്യമാകില്ല.
പിന്തുണ അവസാനിപ്പിക്കുന്നതിന് മുന്നോടിയായി ഉപയോക്താക്കളോട് മോഡലുകൾ അപ്ഡേറ്റ് ചെയ്യുവാൻ കമ്പനി ആവശ്യപ്പെടുന്നുണ്ട്. ഒക്ടോബർ 24 ന് ശേഷം വാട്ട്‌സ്ആപ്പ് ഡെവലപ്പർമാർ സാങ്കേതിക പിന്തുണയും അപ്‌ഡേറ്റുകളും നൽകുന്നത് നിർത്തും. ഇതോടെ ഉപകരണത്തിന്റെ ഒഎസിന് അപ്‌ഡേറ്റുകൾ, പാച്ചുകൾ, സുരക്ഷാ പരിഹാരങ്ങൾ, പുതിയ ഫീച്ചറുകൾ എന്നിവ ലഭിക്കില്ല. ഒഎസ് തുടർന്നും പ്രവർത്തിക്കുമെങ്കിലും ഹാക്കർമാർക്കും മാൽവെയറുകൾക്കും എളുപ്പത്തിൽ കടക്കാൻ സാധിക്കുന്ന അവസ്ഥയുണ്ടാകും.