ആണവായുധങ്ങളുടെ ഉത്പാദനം വർധിപ്പിക്കാനുള്ള ഭരണഘടനാ ഭേദഗതിയുമായി ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോംഗ് ഉൻ. ഇതുസംബന്ധിച്ച ഭേദഗതിക്ക് ഉത്തര കൊറിയയിലെ റബ്ബർ സ്റ്റാമ്പ് പാർലമെന്റിന്റെ ദ്വിദിന സമ്മേളനം അംഗീകാരം നല്‍കി. രാജ്യത്തെ ദേശീയമാധ്യമമായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അമേരിക്കയുടെ പ്രകോപനമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് രാജ്യത്തെ നയിച്ചതെന്ന് പ്രസിഡന്റ് കിം ജോങ് ഉൻ, വ്യാഴാഴ്ച പറഞ്ഞു. “ആണവായുധ നിർമ്മാണനയം ഉത്തര കൊറിയയുടെ അടിസ്ഥാനനിയമമായി മാറ്റിയിരിക്കുകയാണ്. ഇത് ധിക്കരിക്കാൻ ആരെയും അനുവദിക്കുന്നതല്ല” – കിം പ്രഖ്യാപിച്ചു. ആണവായുധങ്ങളുടെ ഉത്പാദനം ഗണ്യമായി വർധിപ്പിക്കുക, വിവിധ സൈന്യങ്ങൾക്കു കീഴിൽ വിന്യസിക്കുക, അവ ഉപയോഗിക്കാനുള്ള മാർഗങ്ങൾ വൈവിധ്യവത്കരിക്കുക എന്നീ നടപടികൾ സ്വീകരിക്കണമെന്നും ഉത്തര കൊറിയൻ ഭരണാധികാരി ആഹ്വാനംചെയ്തു.
പുതിയ ഭേദഗതിനിയമം പ്രാബല്യത്തില്‍വന്നതോടെ ആണവായുധങ്ങളുടെ നിർമ്മാണം രാജ്യത്തിന്റെ അടിസ്ഥാന നിയമങ്ങളിലൊന്നായി മാറി. അമേരിക്ക – ദക്ഷിണ കൊറിയ – ജപ്പാൻസഖ്യത്തെ ഏഷ്യയിലെ നാറ്റോ കൂട്ടുകെട്ടെന്ന് കുറ്റപ്പെടുത്തിയ കിം, അമേരിക്കയ്ക്ക് ബദലായി നിൽക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധം വർധിപ്പിക്കണമെന്നും സമ്മേളനത്തില്‍ കിം പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സൈനികാഭ്യാസങ്ങളിലൂടെയും തന്ത്രപ്രധാനമേഖലകളിൽ താവളങ്ങൾ സ്ഥാപിക്കുന്നതിലൂടെയും പ്രകോപനത്തിന്റെ അതിരുകൾ അമേരിക്ക ലംഘിച്ചതായും കിം കുറ്റപ്പെടുത്തി.