രണ്ട് മെയ്തേയ് വിദ്യാര്‍ഥികളുടെ കൊല്ലപ്പെട്ടതിന് പിന്നാലെ അഫ്‌സ്പാ നിയമപ്രകാരം മണിപ്പൂരിനെ സംഘര്‍ഷബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ വീണ്ടും ഉടലെടുത്തതിനെ തുടര്‍ന്നാണ് നടപടി. 19 പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങൾ ഒഴികെയുള്ള ഇടങ്ങളിലാണ് അഫ്‌സ്പ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
ആയുധധാരികളെന്ന് സംശയിക്കുന്നവര്‍ മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അഫ്‌സ്പാ നിയമം പ്രഖ്യാപിച്ചത്. തലസ്ഥാനമായ ഇംഫാൽ, ലാംഫെൽ, സിറ്റി, സിങ്‌ജമേയ്, സെക്‌മായി, ലംസാംഗ്, പാറ്റ്‌സോയ്, വാംഗോയ്, പൊറോംപട്ട്, ഹീൻഗാങ്, ലാംലായ്, ഇറിൽബംഗ്, ലെയ്‌മഖോംഗ്, തൗബൽ, ബിഷ്ണുപൂർ, നമ്പോൾ, മൊയ്‌രാംഗ്, കാക്‌ചിംഗ്, ജെറിബാം തുടങ്ങിയ 19 സ്റ്റേഷൻ പരിധികൾ ഒഴികെയുള്ളിടത്താണ് പ്രത്യേക അധികാര നിയമം നീട്ടിയത്.
പ്രശ്നങ്ങൾ നില നിൽക്കുന്ന പ്രദേശങ്ങളിൽ സായുധ സേനാംഗങ്ങൾക്ക് പൊതു ക്രമസമാധാനപാലനത്തിന് തിരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും ആവശ്യമെങ്കിൽ വെടിവയ്ക്കാനുമുള്ള അധികാരം നല്‍കുന്നതാണ് അഫ്‌സ്പ നിയമം. വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമൊട്ടാകെ വ്യാപകമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തിനായി സായുധ സേനയെ ഉപയോഗിക്കണമെന്നാണ് അഫ്‌സ്പാ സംബന്ധിച്ച വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.