Sunday, November 24, 2024

ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു

ഹരിതവിപ്ലവത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 98 വയസ്സായിരുന്നു.

ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച എംഎസ് സ്വാമിനാഥന്‍ ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് സ്വാമിനാഥനെ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനാക്കിയത്. മങ്കൊമ്പ് സാമ്പശിവന്‍ സ്വാമിനാഥന്‍ എന്നാണ് ഇദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്.

1925 ഓഗസ്റ്റ് ഏഴിന് തമിഴ്‌നാട്ടിലെ കുംഭകോണത്തായിരുന്നു ജനനമെങ്കിലും കേരളത്തില്‍ ആലപ്പുഴ കുട്ടനാട് താലൂക്കിലെ മങ്കൊമ്പിലാണ് അദ്ദേഹത്തിന്റെ തറവാട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് സുവോളജിയില്‍ ബിരുദവും കോയമ്പത്തൂര്‍ കാര്‍ഷിക കോളജില്‍ (ഇപ്പോള്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല) നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. 1952 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പിഎച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തിന്റെ അതികായനായി. ടൈം മാഗസിന്റെ റിപ്പോർട്ട് അനുസരിച്ച് ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു അദ്ദേഹം.

1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂ‍റു മേനി കൊയ്തു. ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി. അദ്ദേഹത്തിന്‍റെ സംഭവനകള്‍ പരിഗണിച്ച് പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Latest News