ഇന്ത്യൻ ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം വർധിക്കുന്നു എന്ന് റിപ്പോർട്ട്. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യു.എൻ.എഫ്.പി.എ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2050 ആകുന്നതോടെ ഇന്ത്യയിലെ പ്രായമാകുന്നവരുടെ എണ്ണം ഇരട്ടിയാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിൽ 60 വയസ്സും അതിനു മുകളിലേക്കും പ്രായമുള്ളവരുടെ എണ്ണം 2022 -ൽ 14.9 കോടിയായിരുന്നു. ഇത് ഇന്ത്യൻ ജനസംഖ്യയുടെ 10.5 ശതമാനമാണ്. 2050 -ഓടെ പ്രായമായവരുടെ എണ്ണം ഇരട്ടിയായി, 34.7 കോടി അല്ലെങ്കിൽ ജനസംഖ്യയുടെ 20.8 ശതമാനമായി ഉയരുമെന്നും ഇന്ത്യ ഏജിങ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രായമാകുന്നതിനനുസരിച്ചുണ്ടാകുന്ന വരുമാനനഷ്ടവും ആരോഗ്യസംരക്ഷണ ചിലവുമെല്ലാം, ഒരാളുടെ വാർധക്യം, സാമ്പത്തിക ആശ്രിതത്വവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ആനൂകൂല്യങ്ങൾ ലഭ്യമല്ലാത്ത മേഖലകളിൽ ജോലിചെയ്യുന്നവർക്ക് വാർധക്യ പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹിക സുരക്ഷാപദ്ധതികൾ ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ പെൻഷൻ, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ സാമൂഹികസുരക്ഷിതത്വമില്ലാത്ത തൊഴിൽമേഖലകളിലാണ് ഭൂരിഭാഗം ആളുകളും ജോലി ചെയ്യുന്നത്. പ്രായമായ പുരുഷന്മാരിൽ 11% പേർക്ക് പെൻഷൻ ലഭിച്ചിരുന്നത് അവരുടെ മുൻജോലികളിൽ നിന്നായിരുന്നു. അതേസമയം 16.3% പേർക്ക് സാമൂഹിക പെൻഷനാണ് ലഭിച്ചിരുന്നത്.