വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എഴുത്തുകാരുടെ സംഘടനയായ റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക (ഡബ്ല്യു.ജി.എ) ആഹ്വാനം ചെയ്ത സമരം അവസനിച്ചു. അഞ്ചു മാസമായി തുടരുന്ന സമരമാണ് ഡബ്ല്യു.ജി.എ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. മേയ് രണ്ടിനായിരുന്നു എഴുത്തുകാരുടെ സമരം ആരംഭിച്ചത്.
ശമ്പള വർധന, നിർമിത ബുദ്ധിയുടെ ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് എഴുത്തുകാർ സമരം ആരംഭിച്ചത്. ദശാബ്ദങ്ങൾക്കിടെ ഹോളിവുഡിലുണ്ടാകുന്ന ഏറ്റവും നീണ്ട സമരമായിരുന്നു ഇത്. ജൂലൈ 13ന് താരങ്ങളുടെ സംഘടനയായ സ്ക്രീൻ ആക്ടേഴ്സ് ഗിൽഡും ഡബ്ല്യു.ജി.എയ്ക്ക് ഒപ്പം സമരത്തില്‍ പങ്കുചേര്‍ന്നു. എന്നാല്‍ സമരം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഡബ്ല്യു.ജി.എയുടെ പിന്മാറ്റം.
വേതന വർധനയും നിർമിത ബുദ്ധിയുടെ ഉപയോഗത്തിൽനിന്നുള്ള സംരക്ഷണവും വാഗ്ദാനം ചെയ്യുന്ന മൂന്നുവർഷത്തെ കരാർ അംഗീകരിക്കണോയെന്ന് സംഘടനയിലെ 11,500 അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കുമെന്നും ഡബ്ല്യു.ജി.എ അറിയിച്ചിട്ടുണ്ട്. അതേസമയം,ഡബ്ല്യു.ജി.എ സമരത്തില്‍ നിന്നും പിന്മാറിയെങ്കിലും താരങ്ങളുടെ സംഘടന സമരം പിൻവലിക്കാത്തതിനാൽ ഹോളിവുഡ് സാധാരണ നിലയിലേക്കെത്താൻ ഇനിയും സമയമെടുക്കും. സമരംമൂലം അമേരിക്കൻ സമ്പദ്വ്യവസ്ഥക്ക് 500 കോടി ഡോളറിന്റെ നഷ്ടവും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.