Sunday, April 20, 2025

പ്രതിഷേധിക്കുന്നവരെ നിശബ്ദരാക്കാനുള്ള തന്ത്രമായി സുഡാനിലെ സുരക്ഷാസേന ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നുവെന്ന് ആരോപണം; പ്രതിഷേധങ്ങള്‍ കടുപ്പിച്ച് സ്ത്രീകള്‍

സിവിലിയന്‍ നേതാക്കളുമായുള്ള അധികാരം പങ്കിടല്‍ കരാര്‍ അവസാനിപ്പിച്ച് സുഡാന്‍ സൈന്യം അട്ടിമറി നടത്തിയിട്ട് അഞ്ച് മാസമായി. അതിനുശേഷം എല്ലാ ആഴ്ചയും, ജനാധിപത്യ അനുകൂല പ്രകടനക്കാര്‍ ഭരണകൂടത്തിന്റെ അധികാരത്തെ വെല്ലുവിളിക്കാന്‍ തെരുവിലിറങ്ങുകയാണ്. പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനിടെ സുരക്ഷാ സേനയുടെ ആക്രമണത്തില്‍ 80ലധികം പേര്‍ ഇതിനോടകം കൊല്ലപ്പെടുകയും ചെയ്തു.

തെരുവിലിറങ്ങുന്നവരില്‍ പലരും സ്ത്രീകളും യുവതികളുമാണ്. അതിനാല്‍ അവരെ നിശബ്ദരാക്കുന്നതിനായി സുരക്ഷാ സേന മര്‍ദനവും ലൈംഗികാതിക്രമവും ബലാത്സംഗവും നടത്തുന്നതായി ധാരാളം റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

2021 ഒക്ടോബറിലെ സൈനിക അട്ടിമറിക്ക് ശേഷം സുഡാനിലുടനീളം നടന്ന പതിവ് പ്രതിഷേധങ്ങള്‍ പിരിച്ചുവിടുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന സുരക്ഷാ സേനയിലെ ഒമ്പത് പേര്‍ കഴിഞ്ഞയാഴ്ച കാര്‍ട്ടൂമില്‍ വച്ച് തന്നെ ആക്രമിച്ചതായി 18 കാരിയായ യുവതി വെളിപ്പെടുത്തിയിരുന്നു. ‘അന്നത്തെ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ അന്വേഷിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ മിനിബസ് തടഞ്ഞു. ഞങ്ങള്‍ ആ ബസില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. ബസില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ ബസിനുള്ളില്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇറങ്ങിയോടാന്‍ ശ്രമിച്ചപ്പോള്‍ ബലാത്സംഗം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു’. പെണ്‍കുട്ടി പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സുഡാനിലുടനീളം പ്രകടനങ്ങളും നടന്നു. അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്നവരെ നിശബ്ദരാക്കാനുള്ള ഒരു ‘തന്ത്രം’ എന്ന നിലയിലാണ് ലൈംഗിക അതിക്രമങ്ങള്‍ തങ്ങള്‍ക്കുനേരെ ഉപയോഗിക്കുന്നതെന്ന് സ്ത്രീകള്‍ പറയുന്നു.

കഴിഞ്ഞ ആഴ്ചകളില്‍ യുവതി ആക്രമിക്കപ്പെട്ട സ്ഥലത്തിന് സമീപം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നേരെയുള്ള നിരവധി ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സുഡാനിലെ സാമൂഹിക വികസന മന്ത്രാലയത്തിലെ സ്ത്രീകള്‍ക്കെതിരായ അക്രമ യൂണിറ്റ് മേധാവി സുലൈമ ഇസ്ഹാഖ് പറഞ്ഞു. ആളുകളുടെ പ്രതിഷേധം കുറയ്ക്കാന്‍ സുരക്ഷാ സേന ഈ തന്ത്രം കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ‘അത് നമ്മുടെ രാജ്യത്ത് അറിയപ്പെടുന്ന ഒരു അടിച്ചമര്‍ത്തല്‍ നയമാണ്. അവര്‍ ഇത് ചെയ്യുന്നത് ആദ്യമായല്ലതാനും’. സുലൈമ പറഞ്ഞു.

ഇതൊക്കെയാണ് അവസ്ഥയെങ്കിലും, ഈ ദിവസങ്ങളിലും ഖാര്‍ത്തൂമിലെയും ഒംദുര്‍മാനിലെയും സൗത്ത് ഡാര്‍ഫറിലെ മൂന്ന് നഗരങ്ങളിലെയും സ്ത്രീകളും പെണ്‍കുട്ടികളും തെരുവിലിറങ്ങി: ‘അവര്‍ ഞങ്ങളെ തകര്‍ക്കില്ല, ഞങ്ങള്‍ തകരില്ല’ എന്ന ബോര്‍ഡുകളും മുദ്രാവാക്യങ്ങളും അവര്‍ ഉയര്‍ത്തുകയും ചെയ്തു.

Latest News