വടക്കുകിഴക്കൻ മെക്സിക്കോയിൽ ആരാധനക്കിടെ ക്രൈസ്തവ ദേവാലയത്തിൻറെ മേൽക്കൂര തകർന്നുവീണ് അപകടം. സംഭവത്തിൽ ഒമ്പതു പേർ മരിക്കുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്തു. 20 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുണ്ട്.
മെക്‌സിക്കോയിലെ തമൗലിപാസിലെ മഡെറോയിലെ ഇഗ്ലേഷ്യ സാന്താക്രൂസ് എന്ന കത്തോലിക്കാ പള്ളിയുടെ മേൽക്കൂരയാണ് തകർന്നത്. ദൈവാലയത്തിൽ വിശുദ്ധ കുർബാന നടക്കുന്നതിനു ഇടയിൽ ആയിരുന്നു അപകടം. സംഭവസമയത്ത് ഏകദേശം 100 പേർ ദൈവാലയത്തിൽ ഉണ്ടായിരുന്നു. കുടുങ്ങിക്കിടക്കുന്നവരിൽ നിരവധി കുട്ടികളും ഉണ്ടെന്ന് കരുതപ്പെടുന്നതായും പുറത്തുവരുന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. മേഖലയിൽ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്.
മേൽക്കൂരയിലെ തകരാറാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ, സിവിൽ പ്രൊട്ടക്ഷൻ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അവശിഷ്ടങ്ങൾക്കിടയിലുള്ളവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ടെന്ന് ടാംപിക്കോ രൂപതാ ബിഷപ്പ് ജോസ് അർമാൻഡോ അൽവാരസ് കാനോ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു.