യൂറോപ്യന്‍ യൂണിയനില്‍ അംഗമാക്കാത്തതില്‍ വിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്ദോഗന്. 40 വര്‍ഷത്തോളം അംഗത്വത്തിനായി ഇയുവിന്റെ വാതില്ക്കല് ഞങ്ങള്‍ കാത്തിരിന്നുവെന്നും ഇനി അതില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും എര്ദോഗന് കുറ്റപ്പെടുത്തി. പാര്‍ലമെന്റ് ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
“യൂറോപ്യന്‍ യൂണിയനു നല്കിയ വാഗ്ദാനങ്ങള്‍ എല്ലാം തുര്‍ക്കി പാലിച്ചു. എന്നാല്‍ അവര്‍ അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല” അദ്ദേഹം പറഞ്ഞു. സഖ്യത്തില്‍ ചേരുന്നതിനു വേണ്ടി ഇനിയും പുതിയ വ്യവസ്ഥകള്‍ ആവശ്യപ്പെട്ടാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എര്ദോഗന് കൂട്ടിച്ചേര്‍ത്തു. പട്ടാള അട്ടിമറി ശ്രമത്തില്‍ പങ്കാളിയാണെന്ന് കണ്ട അധ്യാപകനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ച നടപടിയെ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി (ഇ.സി.എച്ച്.ആര്) അപലപിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു എര്‍ദോഗന്റെ പ്രതികരണം.