അനധികൃതമായി കുടിയേറിയവർ രാജ്യത്തു നിന്നും പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെ കാവൽ ഭരണകൂടം. ഈ വർഷം നടന്ന 24 ചാവേർ സ്ഫോടനങ്ങളിൽ 14 എണ്ണവും അഫ്ഗാൻ തീവ്രവാദികളാണ് നടത്തിയതെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് ഈ തീരുമാനം. നവംബർ ഒന്നിനകം കുടിയേറ്റക്കാർ പാക്കിസ്ഥാൻ വിടണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
“പാക്കിസ്ഥാനിൽ അനധികൃതമായി കുടിയേറിയവർ മടങ്ങിപ്പോകണം. അല്ലെങ്കിൽ നിർബന്ധിത പുറത്താക്കൽ നേരിടേണ്ടിവരും” മന്ത്രി സർഫ്രാസ് ബുഗ്തി പറഞ്ഞു. 1.7 ദശലക്ഷം അഫ്ഗാനികൾ യാതൊരു രേഖകളുമില്ലാതെ പാക്കിസ്ഥാനിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈനിക നേതാക്കളും മറ്റു നേതാക്കളും പ്രധാനമന്ത്രിയെയും കരസേനാ മേധാവിയെയും സന്ദർശിച്ച് ക്രമസമാധാനം ചർച്ച ചെയ്ത ശേഷമാണ് സർഫ്രാസ് ബുഗ്തി തന്റെ നിലപാട് വ്യക്തമാക്കിയത്.
എന്നാൽ അഫ്ഗാൻ പ്രദേശം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന പാക്കിസ്ഥാൻറെ ആരോപണം നിഷേധിച്ചു അഫ്ഗാൻ താലിബാൻ രംഗത്തെത്തി. പാക്കിസ്ഥാന്റെ സുരക്ഷ ആഭ്യന്തര പ്രശ്നമാണെന്നും താലിബാൻ വ്യക്തമാക്കി.