Tuesday, November 26, 2024

ഇന്ത്യയുമായി സ്വകാര്യചര്‍ച്ചയ്ക്ക് ശ്രമിക്കും: കാനഡ

ഖാലിസ്ഥാന്‍ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യചർച്ചയ്ക്കുള്ള ശ്രമവുമായി കാനഡ. ചര്‍ച്ച നടത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി കാനഡയുടെ വിദേശകാര്യമന്ത്രി മെലാനി ജോളി അറിയിച്ചു. 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതിനുപിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

“കനേഡിയൻ നയതന്ത്രജ്ഞരുടെ സുരക്ഷ വളരെ പ്രധാനമാണ്. ഇതിന്റെ ഭാഗമായി ഇന്ത്യാഗവൺമെന്റുമായി ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. വിഷയത്തിൽ ഇന്ത്യയുമായി സ്വകാര്യ നയതന്ത്രചർച്ച നടത്തുന്നതാണ് ഉചിതമെന്നു കരുതുന്നു” – കനേഡിയൻ മന്ത്രി പറഞ്ഞു.

രാജ്യത്തുനിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കഴിഞ്ഞദിവസം കാനഡയോട് ആവശ്യപ്പെട്ടിരുന്നു. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി. ഒക്ടോബർ പത്തിനകം 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതായി ദി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

Latest News