ഫ്രാൻസിസ് മാര്‍പാപ്പാ എഴുതിയ ‘ലൗദാത്തോ സി’ ചാക്രികലേഖനത്തിന്റെ രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചു. 2023 ഒക്ടോബർ മാസം നാലാം തീയതി വി. ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ ദിവസമാണ് ‘ലൗദാത്തെ ദേയും’ എന്ന് പേരുനൽകിയ അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചത്. 2015 -ൽ, കാലാവസ്ഥാപ്രതിസന്ധിയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും സ്രഷ്ടാവിനെയും സൃഷ്ടിയെയും കൂടുതൽ സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ആഹ്വാനം നൽകിക്കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ‘ലൗദാത്തോ സി’ തയ്യാറാക്കിയത്.
പൊതുഭവനത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ക്രിസ്തീയവിശ്വാസത്തിൽ നിന്നുമുയരുന്നുവെന്ന യാഥാർഥ്യം ലേഖനം അടിവരയിടുന്നു. ദൈവത്തിനുപകരം തന്നെത്തന്നെ പ്രതിഷ്ഠിക്കുന്ന മനുഷ്യൻ തനിക്കുതന്നെ അപകടം ക്ഷണിച്ചുവരുത്തുന്നുവെന്ന മുന്നറിയിപ്പ് ഈ ലേഖനം നൽകുന്നു. ലേഖനം ആറ് അധ്യായങ്ങളും 73 ഖണ്ഡികകളും ഉൾക്കൊള്ളുന്നു.കാലാവസ്ഥാപ്രതിസന്ധി എന്ന വിഷയത്തിൽ ദുബായിൽ വച്ചുനടക്കാനിരിക്കുന്ന COP 28 സമ്മേളനത്തിൽ സംബന്ധിക്കുന്നവരുടെ ഭാഗത്തുനിന്നും ആരോഗ്യപരമായ സമീപനങ്ങൾ ഉണ്ടാകാനും ലേഖനം ആഹ്വാനംചെയ്യുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഇരകളാകാൻ വിളിക്കപ്പെട്ടവരായ ദുർബലജനവിഭാഗത്തിന്റെ സ്വരമായാണ് പാപ്പാ ലേഖനം എഴുതിയിരിക്കുന്നത്.
എന്നാൽ കൂടുതൽ കുട്ടികൾക്ക് ജന്മംനൽകുന്ന ദരിദ്രരായ ആളുകളാണ് ഈ പ്രതിസന്ധികൾക്കു കാരണമെന്ന് ആരോപിക്കുന്ന വികസിതലോകം ആത്മശോധന ചെയ്യണമെന്നും പ്രകൃതിയിന്മേലുള്ള ചൂഷണം അവസാനിപ്പിക്കാൻ തയ്യാറാവണമെന്നും പാപ്പാ ആവർത്തിച്ച് ആവശ്യപ്പെടുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഉത്ഭവം മനുഷ്യനെ മാറ്റിനിർത്തി ഇനിയും അന്വേഷിച്ചുപോകുന്നത് ആരോഗ്യകരമല്ലായെന്നും, ഈ പ്രതിസന്ധി മറികടക്കാൻ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വിശാലമായ ഒരു കാഴ്ചപ്പാടോടുകൂടി എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും പാപ്പാ അഭിപ്രായപ്പെടുന്നു.