Monday, November 25, 2024

സിവിലിയന്മാരെ കൊലപ്പെടുത്തിയ സംഭവം: മാപ്പ് പറഞ്ഞ് കൊളംബിയന്‍ സര്‍ക്കാര്‍

രാജ്യത്തെ സിവിലിയന്മാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് കൊളംബിയന്‍ സര്‍ക്കാര്‍. ഇരകളുടെ ബന്ധുക്കള്‍ പങ്കെടുത്ത ഒരു ചടങ്ങില്‍വച്ച്, പ്രതിരോധമന്ത്രി ഇവാന്‍ വെലാസ്ക്വസാണ് മാപ്പ് പറഞ്ഞത്. അഭ്യന്തരയുദ്ധകാലത്ത് സൈന്യം സിവിലിയന്മാരെ കൊലപ്പെടുത്തിയ സംഭവത്തിലായിരുന്നു മാപ്പ് പറച്ചില്‍.

കൊളംബിയന്‍ സൈന്യം വിമതസായുധസേനയ്ക്കെതിരായ പ്രചാരണം ശക്തമാക്കിയ 2004 – 2008 കാലഘട്ടത്തില്‍ സിവിലിയന്മാരെ കൊലപ്പെടുത്തി അവരെ വിമതപോരാളികളായി ചിത്രീകരിച്ചിരുന്നു. ജോലി വാഗ്ദാനംചെയ്ത് കൊണ്ടുവന്ന ദരിദ്രയുവാക്കളെ സൈന്യം കൊലപ്പെടുത്തുകയും പിന്നീട് ഇവരുടെ മൃതദേഹങ്ങള്‍ക്കരികില്‍ ആയുധങ്ങള്‍ വയ്ക്കുകയുമായിരുന്നു. സൈന്യത്തിലെ സ്ഥാനക്കയറ്റത്തിനും അവധിക്കും വേണ്ടിയായിരുന്നു കൊലപാതകങ്ങള്‍. ഇത്തരത്തിൽ നടന്ന സംഭവങ്ങള്‍ക്കാണ് പ്രതിരോധമന്ത്രി മാപ്പ് പറഞ്ഞത്.

“ആഭ്യന്തര സംഘട്ടനകാലത്ത് നിരപരാധികളെ വധിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നു. ലോകത്തിനുമുന്നില്‍ ഞങ്ങളെ ലജ്ജിപ്പിക്കുന്ന ഈ കുറ്റകൃത്യങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നു” – പ്രതിരോധമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി തുടരുന്ന സായുധകലാപത്തിന് ഇരകളായ സമുഹങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനും വിമതവിഭാഗങ്ങളുമായി സമാധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായുമാണ് മാപ്പ് പറച്ചിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest News