Monday, November 25, 2024

അറിവ് പകർന്നുതന്ന ഗുരുക്കന്മാരെ ഓർമ്മിക്കാന്‍ ഒരു ദിനം: ഒക്ടോബര്‍ അഞ്ച്; ലോക അധ്യാപകദിനം

ഒക്ടോബര്‍ അഞ്ച് ലോകം അധ്യാപകദിനമായി ആചരിക്കുകയാണ്. അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുനടത്തിയ ഗുരുക്കന്മാർക്കായുള്ള ഒരു ദിനം. അധ്യാപകർ സമൂഹത്തിനു നൽകുന്ന അമൂല്യമായ സംഭാവനകളെ അംഗീകരിക്കുന്നതിനും അവരെ ആദരിക്കുന്നതിനുമായുള്ള അവസരമായാണ് ഓരോ അധ്യാപകദിനങ്ങളെയും നാം കാണേണ്ടത്. ഐക്യരാഷ്ട്രസഭയുടെ, ക്ഷേമത്തിനായുള്ള യുണിസെഫ്, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐ.എൽ.ഒ), വിദ്യാഭ്യാസ ഇന്റർനാഷണൽ എന്നിവയുമായി സഹകരിച്ചുകൊണ്ടാണ് ഐക്യരാഷ്‌ട്ര വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്കാരിക സംഘടന (യുനെസ്കോ) അന്താരാഷ്‌ട്ര അധ്യാപകദിനം ആഘോഷിക്കുന്നത്. ഈ ദിനത്തിന്റെ ചരിത്രം, പ്രാധാന്യം എന്നിവയെക്കുറിച്ച് പരിശോധിക്കാം.

ലോകം അധ്യാപകദിനം: ചരിത്രം

അധ്യാപകരുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങള്‍, പ്രാരംഭ തയ്യാറെടുപ്പ്, തുടർവിദ്യാഭ്യാസം, നിയമനം, തൊഴിൽ, അധ്യാപന-പഠനസാഹചര്യങ്ങൾ എന്നിവയുടെ മാനദണ്ഡങ്ങളടങ്ങുന്ന ശുപാർശ 1966 ഒക്ടോബർ 5 -ന് യുനെസ്‌കോ സ്വീകരിക്കുകയുണ്ടായി. ഈ സംഭവത്തെ അനുസ്മരിക്കാൻവേണ്ടിയാണ് യുനെസ്‌കോ 1994 മുതൽ ലോക അധ്യാപകദിനം എല്ലാവർഷവും ആഘോഷിക്കാന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസത്തിലും വികസനത്തിലും അധ്യാപകർ വഹിക്കുന്ന നിർണ്ണായകപങ്കിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ആഗോളസംഭവം. അധ്യാപകര്‍ അറിവ് പകർന്നുനൽകുന്ന വ്യക്തികൾ മാത്രമല്ല, നാളത്തെ നേതാക്കന്മാരെയും ചിന്തകരെയും നവോത്ഥാനക്കാരെയും പ്രചോദിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന മാർഗദർശികളും വഴികാട്ടികളും മാതൃകകളുമാണ്.

പ്രാധാന്യം, പ്രമേയം

‘വിദ്യാഭ്യാസത്തിന്റെ പരിവർത്തനം ആരംഭിക്കുന്നത് അധ്യാപകരിൽനിന്നാണ്’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ലോകത്ത് അഞ്ചുകോടിയിലേറെ അധ്യാപകരുണ്ട്. സമൂഹത്തിന് അവർ നൽകുന്ന സംഭാവനകളെക്കുറിച്ച് ഓർക്കാനും അവരെ ബഹുമാനിക്കാനുമാണ് യുനസ്‌കോ ഈ ദിനം ആചരിക്കുന്നത്.

യുനെസ്‌കോയുടെ അഭിപ്രായത്തിൽ, ”ലോക അധ്യാപകദിനം നേട്ടങ്ങളുടെ കണക്കെടുക്കുന്നതിനും അധ്യാപകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കൂടുതൽ പഠിക്കാനും ആഗോളതലത്തിൽ വിദ്യാഭ്യാസലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അധ്യാപകരുടെ പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുന്നു” എന്നതാണ്. അസർബൈജാൻ, ബൾഗേറിയ, കാനഡ, എസ്‌തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ ഒക്ടോബർ 5 ഔദ്യോഗികമായി അധ്യാപകദിനമായി ആചരിച്ചുവരുന്നു.

Latest News