Sunday, November 24, 2024

ഹിജാബ് ധരിക്കാത്തതിന് 16 -കാരി മതപൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായ സംഭവം: ആശങ്ക അറിയിച്ച് പാശ്ചാത്യരാജ്യങ്ങള്‍

ഇറാനിൽ മതപൊലീസിന്റെ ക്രൂരമർദനത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കരേഖപ്പെടുത്തി പാശ്ചാത്യരാജ്യങ്ങള്‍. സാമൂഹികമാധ്യമമായ എക്സിലൂടെയാണ് പശ്ചാത്യരാജ്യങ്ങളിലെ നേതാക്കള്‍ ആശങ്ക അറിയിച്ചത്. 16 -കാരിയായ അർമിത ഗരവന്ദ് എന്ന പെൺകുട്ടിയാണ് ഹിജാബ് ധരിക്കാത്തതിനെ തുടര്‍ന്ന് മതപൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായത്.

ജർമ്മനിയിലെ ഉന്നത നയതന്ത്രജ്ഞൻ, സംഭവത്തെ ‘അസഹനീയം’ എന്നാണ് വിശേഷിപ്പിച്ചത്. “ഇറാനിലെ ഒരു യുവതി വീണ്ടും ജീവനുവേണ്ടി പോരാടുകയാണ്; സബ്‌വേയിൽ മുടി കാണിച്ചതുകൊണ്ടുമാത്രം. ഇത് അസഹനീയമാണ്” – ജർമ്മൻ വിദേശകാര്യമന്ത്രി അന്നലീന ബെയർബോക്ക് എക്‌സിൽ എഴുതി. ഇറാനിലെ സദാചാരപൊലീസ് എന്നു വിളിക്കപ്പെടുന്ന വനിതാ പൊലീസ് സേന, കൗമാരക്കാരിയെ ആക്രമിച്ചുവെന്ന റിപ്പോർട്ടുകളിൽ വാഷിംഗ്ടൺ ഞെട്ടിപ്പോയെന്നും ആശങ്കയുണ്ടെന്നും ഇറാനിലെ യു.എസ് ഉദ്യോഗസ്ഥന്‍ അബ്രാം പേലി എക്‌സിൽ പോസ്റ്റ് ചെയ്തു. “ഞങ്ങൾ അവളുടെ അവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ പിന്തുടരുകയാണ്. ഞങ്ങൾ ഇറാനിലെ ധീരരായ ജനങ്ങൾക്കൊപ്പം നിൽക്കുകയും ലോകത്തോടുചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. ഭരണകൂടമാണ് ഇതിനെല്ലാം ഉത്തരവാദി” – പേലി കൂട്ടിച്ചേർത്തു.

നോർവെ ആസ്ഥാനമായുള്ള എൻ‌.ജി‌.ഒ ഇറാൻ ഹ്യൂമൻ റൈറ്റ്‌സ്, സംഭവത്തിൽ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. വസ്‌തുതകളെ വളച്ചൊടിക്കുന്നതിന്റെയും അവരുടെ കുറ്റകൃത്യങ്ങളുടെ തെളിവുകൾ മറച്ചുവയ്ക്കുന്നതിന്റെയും നീണ്ട ചരിത്രമാണ് ടെഹ്‌റാനെന്ന് നോർവെ  ആസ്ഥാനമായുള്ള എൻ‌.ജി‌.ഒ ആരോപിച്ചു. മതപൊലീസിന്റെ ക്രൂരമർദനത്തെ തുടര്‍ന്ന് ടെഹ്റാനിലെ ഫജ്ർ ആശുപത്രിയിൽ കഴിയുന്ന പെണ്‍കുട്ടിയില്‍ കോമായിലാണ്.

Latest News