Sunday, November 24, 2024

മണിപ്പൂരില്‍ വീണ്ടും വ്യാപകാക്രമം: രണ്ടു വീടുകള്‍ കത്തിച്ചു

മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ബുധനാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ സംസ്ഥാനത്ത്  വ്യാപകാക്രമം. സംഘര്‍ഷത്തില്‍ അക്രമികൾ രണ്ടു വീടുകള്‍ കത്തിക്കുകയും വെടിയുതിർക്കുകയും  ചെയ്തു. രാത്രി 10 മണിയോടെ പട്സോയ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ഏറ്റുമുട്ടലിനെക്കുറിച്ച് വിവരമറിഞ്ഞെത്തിയ സുരക്ഷാ സേനയും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്നു തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഇതിനിടെ പ്രദേശത്ത് തടിച്ചുകൂടിയ ഒരു കൂട്ടം മെയ്‌തേയ് സ്ത്രീകളെ മുന്നോട്ട് പോകുന്നതില്‍ നിന്ന് സുരക്ഷാ സേന തടഞ്ഞു. ഇതേ തുടര്‍ന്നാണ് അക്രമസംഭവങ്ങള്‍ വ്യാപകമായത്. പ്രദേശത്ത് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം മണിപ്പൂർ പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്തെത്തി. മുമ്പൊരിക്കലും ഒരു പ്രധാനമന്ത്രിയും ഇതുപോലെ ഒരു സംസ്ഥാനത്തെയും അതിലെ മുഴുവൻ ജനങ്ങളെയും പൂർണ്ണമായും കൈവിട്ടിട്ടില്ലെന്നും കോൺഗ്രസ് ആരോപിച്ചു. 15 മാസം മുമ്പ് ബി.ജെ.പി അധികാരത്തിൽ വന്നതിനു ശേഷമാണ് മണിപ്പൂർ ഇത്തരമൊരു അവസ്ഥയിലേക്ക് വരുന്നത്.

Latest News