Sunday, November 24, 2024

ഏകദിന ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാൻഡിന്റെ മധുരപ്രതികരം

കഴിഞ്ഞ ലോകകപ്പില്‍ തങ്ങളുടെ കിരീടപ്രതീക്ഷകള്‍ തകര്‍ത്ത ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെടുത്തി ന്യൂസിലാൻഡിന്റെ മധുരപ്രതികരം. ഇംഗ്ലണ്ടിനെ ഒൻപത് വിക്കറ്റുകൾക്ക് തകർത്താണ് കിവീസ് ലോകകപ്പ് ക്യാംപയിനില്‍ പ്രതികാരം വീട്ടിയത്.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ഒഴിഞ്ഞ ഗ്യാലറിയുമായി നടന്ന മത്സരത്തിൽ തുടക്കം മുതൽ ന്യൂസിലാൻഡ് വ്യക്തമായ ആധിപത്യം പുലർത്തി.

ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം, 82 പന്തുകൾ ബാക്കിനിൽക്കെയാണ് ന്യൂസിലാൻഡ് മറികടന്നത്. ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ട് (77) മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്നുവിക്കറ്റ് നേടിയ മാറ്റ് ഹെന്റി, രണ്ടുവിക്കറ്റുകൾ വീതം നേടിയ മിച്ചല്‍ സാന്റ്‌നര്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരാണ് ഇംഗ്ലണ്ട് ബാറ്റിങിനെ തകർത്തത്. റൂട്ടിനുപുറമെ ജോസ് ബട്‌ലര്‍ (43), ജോണി ബെയര്‍സ്‌റ്റോ (33) എന്നിവരും സ്‌കോർ ബോർഡിൽ കാര്യമായ സംഭാവനകൾനൽകി.

മറുപടി ബാറ്റിങിന് ഇറങ്ങിയ കിവീസിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. രണ്ടാം ഓവറില്‍ത്തന്നെ അവർക്ക് ഓപ്പണർ വില്‍ യംഗിനെ നഷ്‌ടമായി. നേരിട്ട ആദ്യ പന്തില്‍ത്തന്നെ താരം മടങ്ങി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന രചിൻ രവീന്ദ്ര, ഡെവോൺ കോൺവോയ് എന്നിവർ പതറാതെ കിവീസിനെ മുന്നോട്ടുനയിച്ചു; ഇരുവരും സെഞ്ചുറിയും നേടി. 96 പന്തുകളിൽനിന്ന് അഞ്ച് സിക്‌സും 11 ഫോറും സഹിതം രചിൻ രവീന്ദ്ര 123 റൺസ് നേടിയപ്പോൾ മറുവശത്ത് ഡെവോൺ കോൺവോയ് 121 പന്തുകളിൽ നിന്ന് 151 റൺസും നേടി.

അതേസമയം, ലോകകപ്പിൽ നാളെ പാക്കിസ്ഥാൻ തങ്ങളുടെ ആദ്യമത്സരത്തിന് ഇറങ്ങും. താരതമ്യേന ദുർബലരായ നെതർലാൻഡ്‌സിന് എതിരായാണ് പച്ചപ്പടയുടെ ആദ്യമത്സരം. ഹൈദരാബാദിൽ വച്ചാണ് മത്സരം നടക്കുന്നത്.

Latest News