ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍പോയി അപകടത്തിൽപെട്ട ടൈറ്റന് എന്ന സമുദ്രപേടകത്തിന്റെ കഥ സിനിമയാകുന്നു. പ്രമുഖ ഹോളിവുഡ് നിർമ്മാണകമ്പനിയായ മൈന്‍ഡ്റയറ്റ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം ഒരുക്കുന്നത്. ‘സാൽവേജ്ഡ്’ എന്നാണ് ചിത്രത്തിനു നല്‍കിയിരിക്കുന്ന പേര്.
ജസ്റ്റിൻ മഗ്രേഗർ, ജോനാഥൻ കേസി എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ഇബ്രയാൻ ഡബ്ബിൻസ്സ് ആണ്. “ദുരന്തത്തിന് ഇരകളായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള ആദരവായിരിക്കും ഈ ചിത്രം. സത്യമാണ് വലുത്. ലോകത്തിന് സത്യമറിയാനുള്ള അവകാശമുണ്ട്” – ജോനാഥൻ കേസി പറഞ്ഞു. അതേസമയം, ടൈറ്റന് ദുരന്തം പ്രമേയമാകുന്ന ചിത്രം ടൈറ്റാനിക് സംവിധായകന് ജെയിംസ് കാമറൂണ്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എങ്കിലും ഇത് അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം എക്സിലൂടെ അറിയിച്ചു.
2023 ജൂൺ മാസത്തിലായിരുന്നു ടൈറ്റൻ ദുരന്തം. ഓഷ്യൻഗേറ്റ് എക്സ്പെഡീഷൻസ് കമ്പനിയുടെ ജലപേടകമായിരുന്നു ടൈറ്റൻ. അഞ്ചു യാത്രികരാണ് ദുരന്തത്തിന് ഇരകളായത്. ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാൻഡിംഗ്, ബ്രിട്ടീഷ്- പാക്കിസ്ഥാനി വ്യവസായി ഷെഹ്സാദ ദാവൂദ്; മകൻ സുലെമാൻ, ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻ ഉടമ സ്റ്റോക്ടൻ റഷ്, മുങ്ങൽവിദഗ്ധൻ പോൾ ഹെന്റി എന്നിവരാണ് ദുരന്തസമയത്ത് പേടകത്തിലുണ്ടായിരുന്നത്.