Sunday, November 24, 2024

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

‘ക്ലീൻ നോട്ട് പോളിസി’യുടെ ഭാഗമായി ബാങ്കുകള്‍വഴി 2,000 രൂപയുടെ കറന്‍സി മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നേരത്തെ സെപ്റ്റംബര്‍ 30 വരെയായിരുന്നു നോട്ടുകള്‍ മാറ്റാനുള്ള സമയം ആര്‍.ബി.ഐ അനുവദിച്ചിരുന്നത്. പിന്നീട് ഒരാഴ്ചകൂടി നീട്ടുകയായിരുന്നു.12,000 കോടി രൂപയുടെ നോട്ടുകള്‍ ഇനിയും എത്താനുണ്ടെന്നും ആര്‍.ബി.ഐ അറിയിച്ചു.

2023 മെയ് മാസത്തിലാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആര്‍.ബി.ഐ പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് ഇതുവരെ 3.43 ലക്ഷം കോടി രൂപയുടെ രണ്ടായിരം രൂപ നോട്ടുകള്‍ തിരികെയെത്തിയിട്ടുണ്ട്. എന്നാല്‍ തിരികെയെത്താനുള്ള 12,000 കോടി രൂപയുടെ നോട്ട് വിവിധ കേസുകളുടെ ഭാഗമായി കോടതികളിലും അന്വേഷണ ഏജൻസികളുടെ കയ്യിലുമുള്ളതാണെന്ന് ആര്‍.ബി.ഐ വിലയിരുത്തുന്നു.

നോട്ട് നിരോധനത്തെ തുടര്‍ന്ന് വിപണിയില്‍ അതിവേഗം പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 2000 രൂപ നോട്ടുകൾ കേന്ദ്രം പുറത്തിറക്കിയത്. ലക്ഷ്യം പൂര്‍ത്തിയാക്കുകയും ആവശ്യത്തിന് ചെറിയ മൂല്യമുള്ള നോട്ടുകള്‍ ലഭ്യമാകുകയും ചെയ്തതോടെ 2018 -ൽ 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നോട്ടുകള്‍ പിന്‍വലിക്കുന്നതായി കേന്ദ്രം അറിയിച്ചത്.

Latest News