ദക്ഷിണ മെക്സിക്കോയിൽ വെള്ളിയാഴ്ച, അഭയാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് 16 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 21 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
മെക്സിക്കോയിൽ നിന്നും അമേരിക്കൻ അതിർത്തി കടക്കുന്നതിനിടയിൽ അഭയാർഥികൾ കൊല്ലപ്പെട്ട ഏറ്റവും പുതിയ സംഭവമാണ് വെള്ളിയാഴ്ചയുണ്ടായ അപകടം. ബസിൽ 55 -ഓളം അഭയാർഥികൾ ഉണ്ടായിരുന്നതായും ഇവർ വെനെസ്വലയിൽനിന്നും ഹെയ്തിയിൽനിന്നുമുള്ളവരാണെന്നും മെക്സിക്കോയുടെ നാഷണൽ ഇമിഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെട്ടവരിൽ മൂന്ന് കുട്ടികളും രണ്ടു സ്ത്രീകളും ഉൾപ്പെടുന്നതായും വിവരമുണ്ട്.
നേരത്തെ ചരക്ക് ട്രെയിനുകളിൽ കയറി അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ നിരവധിപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മെക്സിക്കോ – യു.എസ് അതിർത്തിയിലേക്കുള്ള ട്രെയൻ സർവീസുകളും നിർത്തിയിരുന്നു. ഈ മാസം പ്രതിദിനം 9,000 കുടിയേറ്റക്കാരെ തടയുന്നുണ്ടെന്ന് മെക്സിക്കോയുടെ ദേശീയ കുടിയേറ്റ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കി. ഈ വർഷം ആദ്യത്തെ എട്ടുമാസങ്ങളിൽ പ്രതിദിനം ശരാശരി 6,125 കുടിയേറ്റക്കാരെയാണ് തടഞ്ഞുവച്ചിരുന്നത്.