Monday, November 25, 2024

യു.എസ്, തെക്കന്‍ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി വെല്ലുവിളി ഉയര്‍ത്തും: മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനാ ശാസ്ത്രജ്ഞന്‍

ബംഗ്ലാദേശിനുപിന്നാലെ യു.എസ്, തെക്കന്‍ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ലോകാരോഗ്യസംഘടനയുടെ മുഖ്യശാസ്ത്രജ്ഞനായ ജെറമി ഫറാറാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ചൂട് കൂടിവരുന്നതിനാല്‍, വൈറസിനെ വഹിക്കുന്ന കൊതുകുകള്‍ വളരെവേഗത്തില്‍ അണുബാധ പരത്താനുള്ള സാഹചര്യമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

“ഡെങ്കിപ്പനിയെക്കുറിച്ച് കൂടുതല്‍ വിശദമായി ചര്‍ച്ചചെയ്യേണ്ടതുണ്ട്. ഭാവിയില്‍ പല വലിയ നഗരങ്ങളിലും വരാനിരിക്കുന്ന ഡെങ്കിയുടെ അധികസമ്മര്‍ദ്ദത്തെ എങ്ങനെ നേരിടുമെന്നതിന് രാജ്യങ്ങളെ ഞങ്ങള്‍ ശരിക്കും തയ്യാറാക്കേണ്ടതുണ്ട്” – അദ്ദേഹം പറഞ്ഞു. ആഗോളതാപനം, ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകള്‍ക്ക് പുതിയ പ്രദേശങ്ങളില്‍ അനുകൂല സാഹചര്യമൊരുക്കും. നിലവില്‍, യു.എസ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ വളരെ കുറച്ചുമാത്രം ഡെങ്കുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇവിടെ വലിയതോതില്‍ ഡെങ്കിപ്പനി ‘പൊട്ടിപ്പുറപ്പെടാനുള്ള’ സാധ്യതയും നിലനില്‍ക്കുന്നു. ഇത് പല രാജ്യങ്ങളിലെയും ആശുപത്രിസംവിധാനങ്ങളില്‍ കടുത്ത സമ്മര്‍ദം ചെലുത്തിയേക്കാമെന്നും ഫറാര്‍ കൂട്ടിച്ചേര്‍ത്തു.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ വെല്‍ക്കം ട്രസ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഫെറാര്‍, കഴിഞ്ഞ മേയിലാണ് ലോകാരോഗ്യസംഘടനയുടെ ഭാഗമായത്. നേരത്തെ കോവിഡ് വ്യാപനകാലത്ത് യു.കെ സര്‍ക്കാരിന്റെ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ കൂടുതലായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള രോഗങ്ങളെക്കുറിച്ച് 18 വര്‍ഷം വിയറ്റ്‌നാമില്‍ ഗവേഷണം നടത്തിയും അദ്ദേഹത്തിന് പരിചയമുണ്ട്.

Latest News