ശനിയാഴ്ച രാവിലെ അപ്രതീക്ഷിതമായി ആക്രമണം അഴിച്ചുവിടുകയും സൈനികരേയും ജനങ്ങളേയും വധിക്കുകയും ചെയ്ത ഹമാസ് തീവ്രവാദികള്‍ക്ക് ഇസ്രായേൽ കനത്ത തിരിച്ചടി നല്കി. ഇസ്രായേൽ യുദ്ധത്തിലാണെന്നും ശത്രുവിൽ നിന്ന് വലിയ വില ഈടാക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യത്തോടു പറഞ്ഞു.
ആയിരക്കണക്കിന് റോക്കറ്റുകൾ തൊടുത്തുവിടുകയും കര, കടൽ, ആകാശം എന്നിവയിലൂടെ ഇസ്രായേലിലേക്ക് പ്രവേശിക്കുകയും ചെയ്തായിരുന്നു ഹമാസ് തീവ്രവാദികൾ ശനിയാഴ്ച ഇസ്രായേലില്‍ ആക്രമണം നടത്തിയത്. ഇസ്രായേലിൽ കുറഞ്ഞത് 40 പേർ മരിക്കുകയും 800 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം നടത്തി. ഇസ്രായേലിന്റെ തിരിച്ചടിയില്‍ ശനിയാഴ്ച 198 പാലസ്തീനികൾ കൊല്ലപ്പെടുകയും 1,610 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തങ്ങളുടെ സൈന്യം അര ഡസൻ സ്ഥലങ്ങളിലെങ്കിലും യുദ്ധം ചെയ്യുന്നുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.