Monday, November 25, 2024

ഇസ്രയേൽ – ഹമാസ് യുദ്ധം കടുക്കുന്നു: ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

‘സിംചത് തോറ’ തിരുനാള്‍ ദിനവുമായി ബന്ധപ്പെട്ട അവധി ദിനത്തിനിടെ പാലസ്തീന്‍ അനുകൂല ഭീകരസംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിന് ഐക്യദാർഢ്യം അറിയിച്ച് ഇന്ത്യ. സാഹചര്യത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഹമാസ് ആക്രമണം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞു. സാമുഹികമാധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ഇസ്രായേലിന് ഐക്യദാർഢ്യം അറിയിച്ചത്.

‘ഇസ്രയേലിലെ ആക്രമണ വാർത്ത ഞെട്ടലോടെയാണ് കേള്‍ക്കുന്നത്. ഞങ്ങളുടെ പ്രാർഥന നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണ്. പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറുകളില്‍ ഇസ്രയേലിന് ഐക്യദാർഢ്യം’ മോദി എക്‌സിൽ കുറിച്ചു. ഇന്ത്യക്ക് പുറമെ അമേരിക്ക, യുകെ, ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും ഇസ്രായേലിലെ ഹമാസ് ആക്രമണത്തെ അപലപിച്ചു രംഗത്തെത്തി. ഇസ്രയേലിലുള്ള ഇന്ത്യൻ പൗരൻമാരോട് ജാഗ്രതയോടെയിരിക്കാനും പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം, ഇസ്രയേൽ സൈന്യത്തിൻ്റെ വാഹനങ്ങള്‍ പിടിച്ചെടുത്ത് രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ ഹമാസ് അംഗങ്ങൾ ശനിയാഴ്ച രാവിലെ നുഴഞ്ഞുകയറുകയായിരുന്നു. തുടര്‍ന്ന് നടന്ന ആദ്യ ഘട്ട ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നുഴഞ്ഞുകയറ്റത്തിനു പുറമെ ഗാസ മുനമ്പിൽ നിന്നും നിരന്തരമായ മിസെെൽ ആക്രമണവും ഭീകരര്‍ നടത്തി. ഹമാസ് പോരാളികൾ ഇസ്രായേൽ പൗരന്മാർക്ക് നേരെ വെടിയുതിർക്കുന്നതും അവരുടെ വാഹനങ്ങളെ പിന്തുടർന്ന് ആക്രമിക്കുന്നതുമായ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ തോക്കുധാരികൾ ജനവാസ കേന്ദ്രങ്ങളിൽ പ്രവേശിച്ച് വീടുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതും കാണാന്‍  കഴിയും

Latest News