ഹമാസ് തീവ്രവാദികളുടെ ഭീകരതയെ ഇസ്രയേൽ ഒറ്റയ്ക്ക് നേരിടുമെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും ഇന്ത്യയിലെ ഇസ്രയേൽ പ്രതിനിധി നൗർ ഗിലോൺ. ഭീകരരുടെ ആക്രമണം തുടരുന്നതിനാല്‍ ഇസ്രയേലിന് ഇന്ത്യയുടെ പിന്തുണ അവശ്യമാണെന്നും പ്രതിനിധി വ്യക്തമാക്കി. ആക്രമണത്തിൽ ഇറാന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
“ആഗോള തലത്തിൽ ശക്തമായ സ്വാധീനമുള്ള രാജ്യമാണ് ഇന്ത്യ. അതോടൊപ്പം തീവ്രവാദത്തിന്റെ വെല്ലുവിളി അറിയുന്നതിനാലും ഹമാസ് തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ പിന്തുണ ആവശ്യമാണ്” നൗർ ഗിലോൺ പറഞ്ഞു. ഹമാസ് തീവ്രവാദികളുടെ ആക്രമണങ്ങളെ തീർത്തും പ്രകോപനപരവും അസ്വീകാര്യവുമാണെന്ന് വിശേഷിപ്പിച്ച ഗിലോൺ, ആക്രമണത്തിൽ ഇറാന് പങ്കുണ്ടെന്നും ഭീകരര്‍ക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നതും പരിശീലനം നല്‍കുന്നതും അവരാണെന്നും ആരോപിച്ചു. അജ്ഞതയേക്കാൾ ഭീകരതയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ സമയത്ത് ഇന്ത്യ ഇസ്രായേലിനെ പിന്തുണയ്ക്കുന്നതെന്നും ഗിലോൺ കൂട്ടിച്ചേര്‍ത്തു. .
അതേസമയം, ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ 300-ലധികം പേർ കൊല്ലപ്പെട്ടതായി പലസ്തീൻ അധികൃതർ പറഞ്ഞു. ശനിയാഴ്ച മുതൽ ഗാസയിൽ നിന്ന് ഹമാസ് തീവ്രവാദികൾ നടത്തിയ ആക്രമണങ്ങളിൽ 700-ലധികം ഇസ്രയേലികള്‍ കൊല്ലപ്പെടുകയും, 2000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.