സംസ്ഥാനത്ത് ഇന്നുമുതൽ തുലാവർഷം സജീവമായേക്കുമെന്ന് കാലാവസ്ഥാകേന്ദ്രത്തിന്റെ പ്രവചനം. വടക്കൻ കേരളത്തിലാകും തുലാവർഷം ആദ്യമെത്തുകയെന്നാണ് കാലാവസ്ഥാകേന്ദ്രം അറിയിച്ചിരിക്കുന്നത്. മഴ മുന്നറിയിപ്പിനെ തുര്‍ന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ നാല് ജില്ലകളിലും ബുധനാഴ്ച എറണാകുളത്തും ഇടുക്കിയിലും തുലാവര്‍ഷം എത്തുന്നതിനെ തുടര്‍ന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപനമുണ്ട്. കേരളതീരത്ത് ഉയർന്ന തിരമാല ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളതീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.6 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ഇതിൽ പറയുന്നു.